റിയാദ്: സൗദി അറേബ്യയിലെ അബ്‌ഹയ്ക്കും ജിസാനും ഇടയിലുള്ള ദർബിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലയാളി മരണപ്പെട്ടു (Saudi Arabia road accident). മലപ്പുറം മൂന്നിയൂർ ചിനക്കൽ സ്വദേശി എരണിക്കൽ അലവി ഹാജിയുടെ മകൻ നൗഫൽ (ബാവ – 44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്തും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സവാദ് ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിൽ തീവ്രപരിചരണത്തിൽ ചികിത്സയിലാണ്.
ദർബിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മൂന്നംഗ സംഘം രാത്രി ജോലി കഴിഞ്ഞ് സ്ഥാപനങ്ങൾ പൂട്ടി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈജിപ്ഷ്യൻ പൗരൻ ഓടിച്ചിരുന്ന വാഹനം ഇവരുടെ മേലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ നൗഫലിനെ ഉടൻ തന്നെ അബു ആരീഷിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതന്റെ ഭൗതികശരീരം സൗദിയിൽ ഖബറടക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ നടന്നു വരികയാണ്. ജിസാൻ കെ.എം.സി.സി. ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് കീഴിലെ വെൽഫെയർ വിംഗ് അംഗവുമായ ഖാലിദ് പട്‌ല, ശമീർ അമ്പലപ്പാറ, സുൽഫിക്കർ എന്നിവരും ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകരും ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ട്.
Story Summary: A 44-year-old Malayali named Naufal from Malappuram was killed and his friend from Thiruvananthapuram was injured when a car struck them while crossing the road at Darb, between Abha and Jizan in Saudi Arabia. KMCC volunteers are coordinating the legal procedures for the funeral.


