‘അമിത് ഷാ കലാപം നടക്കുന്ന മണിപ്പൂരിലേക്ക് എന്തുകൊണ്ടാണ് പോകാത്തത്?’: ചോദ്യവുമായി മമത ബാനർജി
Tue, 9 May 2023

കൊല്‍ക്കൊത്ത: മണിപ്പൂര്‍ അക്രമത്തില്‍ കേന്ദ്ര,സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിൽ എന്തെങ്കിലും സംഭവിക്കുമ്പോൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ നൂറുകണക്കിന് കേന്ദ്ര സംഘങ്ങളെ അയക്കുമെന്നും എന്നാൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായതിനാൽ മണിപ്പൂരിൽ ഒന്നും ചെയ്യുന്നില്ലെന്നും മമത ആരോപിച്ചു.
സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ഒരു പ്രതിനിധിയെ പോലും മണിപ്പൂരിലേക്ക് അയച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവുള്ള മണിപ്പൂരില്‍ മരണസംഖ്യയുടെ വ്യക്തമായ കണക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും മമത ചൂണ്ടിക്കാട്ടി. ബി.ജെ.പി ഭരിക്കുന്ന ആ സംസ്ഥാനത്തിന് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ ഒന്നും മിണ്ടുന്നില്ലെന്നും മമത കൂട്ടിച്ചേർത്തു