

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിലെ ലോക്‌സഭാ അംഗങ്ങളുടെ യോഗത്തിൽ പങ്കെടുക്കാതെ എം.പി. ശശി തരൂർ വീണ്ടും വിട്ടുനിന്നു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം നിർണ്ണായകമായ പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പ്രശംസിക്കുന്ന തരത്തിലുള്ള തരൂരിന്റെ സമീപകാല പരാമർശങ്ങളെ തുടർന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി കടുത്ത വിയോജിപ്പിയ സാഹചര്യത്തിലാണ് ഈ വിട്ടുനിൽക്കൽ.(Shashi Tharoor skips Lok Sabha party meeting for third time)
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 19-ന് അവസാനിക്കുന്നതിന് മുൻപായി, ഇതുവരെയുള്ള പ്രകടനം അവലോകനം ചെയ്യാനും ബിജെപിക്കെതിരായ ആക്രമണങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് ഇന്ന് രാവിലെ 99 എംപിമാരെ യോഗത്തിന് ക്ഷണിച്ചത്. എന്നാൽ, ഈ യോഗത്തിൽ തരൂർ എത്തിയില്ല.
കൊൽക്കത്തയിൽ തന്റെ ദീർഘകാല സഹായി ജോൺ കോശിയുടെ വിവാഹവും സഹോദരി സ്മിത തരൂരിന്റെ ജന്മദിനവുമാണ് അസാന്നിധ്യത്തിന് കാരണമായി അദ്ദേഹം 'എക്‌സി'ൽ പോസ്റ്റ് ചെയ്തത്. നേരത്തെ നവംബർ 18, 30 തീയതികളിൽ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ പങ്കെടുത്ത യോഗങ്ങളിലും തരൂർ പങ്കെടുത്തിരുന്നില്ല.
ഇന്ന് രാവിലെ നടന്ന യോഗത്തിന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി നേതൃത്വം നൽകി. രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ ആക്രമണങ്ങൾ അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയെന്നാണ് പാർട്ടി യോഗത്തിന്റെ വിലയിരുത്തൽ. തരൂരിന്റെ തുടർച്ചയായുള്ള ഈ വിട്ടുനിൽക്കൽ ചർച്ചാവിഷയമായിരിക്കുകയാണ്.