

ന്യൂഡൽഹി : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കുറ്റപത്രം സമർപ്പിച്ചു. ഗുവാഹത്തിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഗായകന്റെ മരണം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.(Singer Zubeen Garg's death, SIT files chargesheet against 7 people)
ഏകദേശം 3500 പേജുകളുള്ളതാണ് കുറ്റപത്രം. രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ, 300 സാക്ഷിമൊഴികൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ കുറ്റപത്രത്തിൽ ഉൾപ്പെടുന്നതായി സൂചനയുണ്ട്. ഗായകന്റെ മാനേജർ, പരിപാടി സംഘാടകൻ, ബന്ധു ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത് എന്നാണ് വിവരം.
സുബീൻ ഗാർഗിന്റെ മരണം കൊലപാതകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകി ആരെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നില്ല.