ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും എത്തിയില്ല: രാജ്യസഭ തടസ്സപ്പെട്ടു; അസാധാരണ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം, ഖേദം പ്രകടിപ്പിച്ച് കിരൺ റിജിജു | Rajya Sabha

പിന്നാലെ സഭാ നടപടികൾ പുനരാരംഭിച്ചു
ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും എത്തിയില്ല: രാജ്യസഭ തടസ്സപ്പെട്ടു; അസാധാരണ സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം, ഖേദം പ്രകടിപ്പിച്ച് കിരൺ റിജിജു | Rajya Sabha
Updated on

ന്യൂഡൽഹി: കേന്ദ്ര കാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും സഭയിലെത്താതിരുന്നതിനെത്തുടർന്ന് ഇന്ന് രാജ്യസഭയുടെ നടപടികൾ തടസ്സപ്പെട്ടു. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ സഭ നിർത്തിവെക്കേണ്ടി വന്നു. പാർലമെന്റ് ആക്രമണത്തിന്റെ ഓർമ്മ പുതുക്കി ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം സഭ ചട്ടപ്രകാരമുള്ള നടപടികൾ ആരംഭിക്കാനൊരുങ്ങുമ്പോഴാണ് കാബിനറ്റ് മന്ത്രിമാരുടെ അഭാവം ശ്രദ്ധയിൽപ്പെട്ടത്.(No cabinet ministers were present, Rajya Sabha disrupted)

കാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും സഭയിൽ എത്തിയില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഒരു കാബിനറ്റ് മന്ത്രിയില്ലാതെ സഭാ നടപടി ആരംഭിക്കരുതെന്ന് അവർ ശക്തമായി ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി ഒരു സഹമന്ത്രിയോട് കാബിനറ്റ് മന്ത്രിയോട് സഭയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടർന്ന് ഉപരാഷ്ട്രപതി സഭ നിർത്തിവച്ചു.

വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും സർക്കാരുമായി ചർച്ച ചെയ്യുമെന്നും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ എം.പിമാർ തൃപ്തരായില്ല. കാബിനറ്റ് മന്ത്രി സഭയിലെത്താത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് കോൺഗ്രസ് നേതാവായ ജയറാം രമേശ് കുറ്റപ്പെടുത്തി.

മുൻ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമ്മിപ്പിച്ച പ്രമോദ് തിവാരി, രാജ്യസഭയും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. നിർത്തിവെച്ച സഭ പിന്നീട് ചേർന്നപ്പോൾ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ജെ.പി. നദ്ദ, നിർമല സീതാരാമൻ എന്നിവർ സഭയിലെത്തി.

കാബിനറ്റ് അംഗങ്ങൾ ആരും ആദ്യം സഭയിൽ എത്താതിരുന്നതിൽ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം പ്രകടിപ്പിച്ചു. മുൻ സ്പീക്കർ ശിവരാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ലോക്‌സഭയിൽ നടന്ന നടപടികളിൽ പങ്കെടുത്തതിനാലാണ് കാബിനറ്റ് മന്ത്രിമാർക്ക് രാജ്യസഭയിൽ എത്താൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com