റായ്‌പൂർ: മുംബൈയിലെ പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾ അടക്കം നാല് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഛത്തീസ്‌ഗഢിലും സമാനമായ ദുരന്തം (Watermelon Food Poisoning Chhattisgarh). തണ്ണിമത്തൻ കഴിച്ച 15 വയസ്സുകാരൻ മരിക്കുകയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഛത്തീസ്‌ഗഢിലെ കാങ്കർ (Kanker) ജില്ലയിലാണ് സംഭവം നടന്നത്. ചന്തയിൽ നിന്ന് വാങ്ങിയ തണ്ണിമത്തൻ കഴിച്ച ഉടൻ തന്നെ കുടുംബാംഗങ്ങൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
കഠിനമായ ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 വയസ്സുകാരന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
തണ്ണിമത്തനിൽ കൃത്രിമ നിറങ്ങളോ രാസവസ്തുക്കളോ കലർത്തിയിട്ടുണ്ടോ എന്ന സംശയം ശക്തമാണ്. വേനൽക്കാലത്ത് തണ്ണിമത്തൻ്റെ ഉപയോഗം വർദ്ധിക്കുന്നതിനിടെ ഇത്തരം സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നത് വലിയ ജനകീയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി തണ്ണിമത്തന്റെ സാമ്പിളുകൾ ശേഖരിച്ചു. ഇത് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വിപണിയിൽ വിൽക്കുന്ന പഴങ്ങളിൽ വിഷാംശമുള്ള കീടനാശിനികളോ മാരകമായ രാസവസ്തുക്കളോ ഉണ്ടോ എന്ന് കർശനമായി പരിശോധിക്കണമെന്ന് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
News Summary: Following a tragic incident in Mumbai’s Pydhonie where two children died after consuming watermelon, a similar scare has emerged in Chhattisgarh’s Kanker district. A 15-year-old boy lost his life, and three other family members were hospitalized in critical condition after eating the fruit purchased from a local market. Authorities have collected samples for forensic testing to check for toxic chemicals or artificial coloring. This second incident in a short span has sparked widespread concern regarding food safety during the summer season.

