Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaവ്യാജ ആധാർ കാർഡുണ്ടാക്കി മുക്കുപണ്ടം പണയം വെച്ചു; 30 ലക്ഷം കവർന്ന...

വ്യാജ ആധാർ കാർഡുണ്ടാക്കി മുക്കുപണ്ടം പണയം വെച്ചു; 30 ലക്ഷം കവർന്ന തട്ടിപ്പ് സംഘം പിടിയിൽ | Fake gold scam Kollam

🎙️ Latest Podcast

കടയ്ക്കൽ: പ്രാദേശിക മേൽവിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി (Fake gold scam Kollam). തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി രമ്യ (27), ഇവരുടെ സുഹൃത്തായ ചിറയിൻകീഴ് സ്വദേശി ‘ഗോൾഡൻ സജിത്ത്’ എന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ (32) എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളായ ഇവർ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ അൽത്താഫിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരിയിൽ സമാന കേസിൽ ജാമ്യത്തിലിറങ്ങിയ രമ്യയുടെ നേതൃത്വത്തിലാണ് വീണ്ടും തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചിതറ, കടയ്ക്കൽ മേഖലകളിലെ നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നായി മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്ന ധനകാര്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മേൽവിലാസം ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമിക്കുകയാണ് ഇവരുടെ ആദ്യ പടി. തുടർന്ന് ഈ വിലാസത്തിൽ സ്വർണം പണയം വെക്കാൻ എത്തും.

കഴിഞ്ഞദിവസം സജിത്ത് ചിതറയിലെ ഒരു സ്ഥാപനത്തിൽ പണയം വെക്കാനെത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. ചിതറയിൽ വീടുപണി നടക്കുന്നതിനാലാണ് സ്വർണം പണയപ്പെടുത്തുന്നതെന്ന് സജിത്ത് പറഞ്ഞപ്പോൾ, കൊട്ടാരക്കരയിലാണ് വീടുപണിയെന്നാണ് ഒപ്പമുണ്ടായിരുന്ന രമ്യ പറഞ്ഞത്. ഇവരുടെ മൊഴികളിലെ പരസ്പരവിരുദ്ധത ശ്രദ്ധിച്ച സ്ഥാപന ഉടമയ്ക്ക് സംശയം തോന്നി. തുടർന്ന് കടയ്ക്കലിലെ പ്രമുഖ ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ സ്വർണമാണെന്ന് പ്രാഥമികമായി ഉറപ്പുവരുത്തി പണം നൽകി ഇവരെ വിട്ടയച്ചു.

എന്നാൽ, ആഭരണങ്ങൾ മോഷണമുതലാണോ എന്ന് സംശയിച്ച് സ്ഥാപന ഉടമ ആധാർ കാർഡിലെ വിലാസം പരിശോധിച്ചപ്പോഴാണ് അത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പണയം വെച്ച ആഭരണങ്ങൾ വീണ്ടും ജ്വല്ലറിയിലെത്തിച്ച് മുറിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ ചെമ്പു കലർന്ന മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ചിതറ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുടുങ്ങുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന രമ്യയെയും സജിത്തിനെയും പരവൂരിൽ നിന്നും ഷമീറിനെ കണ്ണനെല്ലൂരിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. കടയ്ക്കലിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തിലും ഇവർ സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കൽ പോലീസും ഇവർക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാജ രേഖകൾ ചമയ്ക്കാൻ ഇവരെ സഹായിച്ച മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി ചിതറ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Story Summary: A three-member gang, including a woman, was arrested by the Chithara police for defrauding private finance companies of ₹30 lakhs by pledging fake gold using counterfeit Aadhaar cards. The scam was exposed when a finance owner cross-checked a mismatched address and discovered the pledged ornaments were fake, leading to a police investigation that uncovered their involvement in multiple similar cases across the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.