ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി വനാതിർത്തിയിൽ തള്ളി (pregnant woman murdered Uttar Pradesh). ലഖ്‌നൗ നഗരാതിർത്തിയിലെ വനമേഖലയിൽ നിന്ന് ശനിയാഴ്ച യുവതിയുടെ അസ്ഥികൂടവും വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകനായ വിശാൽ പാലിനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റു.
സീതാപൂർ ജില്ലയിലെ സന്ദാന സ്വദേശിയായ യുവതിയെ കഴിഞ്ഞ മെയ് 25 മുതലാണ് കാണാതായത്. സാധാരണപോലെ കോളേജിലേക്ക് പോയ യുവതി വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് ആശങ്കയിലായ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ സുഹൃത്തും സീതാപൂർ സ്വദേശിയായ വിശാൽ പാലിലേക്ക് പോലീസ് എത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
യുവതിയും വിശാൽ പാലും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ യുവതി ഗർഭിണിയായതായും പോലീസ് പറഞ്ഞു. എന്നാൽ ഗർഭധാരണ വിവരം പുറത്തറിഞ്ഞതോടെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, തുടർന്ന് വിശാൽ യുവതിയെ ആസൂത്രിതമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ലഖ്‌നൗ റിങ് റോഡിന് സമീപമുള്ള ജനവാസമില്ലാത്ത വനമേഖലയിൽ മൃതദേഹം തള്ളുകയായിരുന്നു.
പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് വനത്തിനുള്ളിൽ നിന്ന് യുവതിയുടെ അസ്ഥികൂടവും തലമുടിയും വസ്ത്രങ്ങളും ചെരിപ്പും കണ്ടെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന ബന്ധുക്കൾ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും കണ്ട് മൃതദേഹ അവശിഷ്ടങ്ങൾ യുവതിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി അവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ശനിയാഴ്ച മൃതദേഹം കണ്ടെത്തിയ വനത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മലമൂത്രവിസർജ്ജനം ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതി, പോലീസുകാരെ അപ്രതീക്ഷിതമായി ആക്രമിച്ച് അവരുടെ പിസ്റ്റൾ തട്ടിയെടുക്കുകയും വെടിയുതിർത്ത് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ആത്മരക്ഷാർത്ഥം തിരിച്ചു വെടിവെച്ചതോടെ പ്രതിയുടെ കാലിന് പരിക്കേറ്റു. ഇയാളെ നിലവിൽ പോലീസ് കാവലിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Summary: A 19-year-old pregnant woman was allegedly murdered by her lover, Vishal Pal, who dumped her body in a forest area near Lucknow. The police recovered the woman’s skeletal remains on Saturday based on the accused’s confession, and Pal was later shot in the leg by police when he attempted to escape during the crime scene reconstruction.

