ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വസാദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി സുരേഷ് പർമർ ആണ് പോലീസ് കസ്റ്റഡിയിൽ വെടിയേറ്റ് മരിച്ചത് (Vasad Railway Police Encounter). ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം.
പ്രതിയെ കൊണ്ടുപോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി പറഞ്ഞതിനെത്തുടർന്ന് പോലീസ് വാൻ റോഡരികിൽ നിർത്തി. പുറത്തിറങ്ങിയ പ്രതി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. പോലീസുകാരായ രാജ്വീർസിംഗ്, മഹിപാൽസിംഗ് എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആയുധം ഉപേക്ഷിക്കാൻ പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി ആക്രമണം തുടർന്നതോടെ സ്വയം പ്രതിരോധത്തിനായി പോലീസ് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വസാദ് റെയിൽവേ സ്റ്റേഷനിൽ താമസിച്ചിരുന്ന കൂലിപ്പണിക്കാരനായ കുടുംബത്തിന്റെ നാലുവയസ്സുകാരി മകളെ കാണാതായത്. പിന്നീട് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് പുറമെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തത വരൂ എന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Summary: Suresh Parmar, the prime suspect in the kidnapping and murder of a four-year-old girl at Vasad railway station in Gujarat, was killed in a police encounter. The incident occurred while he was being transported for interrogation; the suspect attacked police officers with a knife, forcing them to open fire in self-defense, leading to his death.


