ബംഗളൂരു: ബംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് മകന്റെ ക്രൂരമായ മർദ്ദനമേറ്റ് പിതാവ് കൊല്ലപ്പെട്ടു (Bengaluru murder news). സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് ചന്ദ്ര ഷാഹി (58) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
കിഴക്കൻ ബംഗളൂരുവിലെ സോമാപുര ഗേറ്റ് പരിസരത്ത് ഇരുവരും നേരത്തെ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചന്ദ്ര ഷാഹി സമീപത്തെ പുതിയൊരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. തുടർന്ന് ഞായറാഴ്ച വൈകിട്ടോടെ ജോലി അന്വേഷിച്ചാണ് മകൻ ദ്രോണ അപ്പാർട്ട്മെന്റ് പരിസരത്ത് എത്തിയത്.
ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും, ആവേശത്തിലായ ദ്രോണ സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടിയെടുത്ത് ചന്ദ്രയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ ചന്ദ്രയെ ഉടൻ തന്നെ ഗുഞ്ജൂരിലെ കെആർഐഎസ്എസ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.
എന്നാൽ തിങ്കളാഴ്ച പുലർച്ചയോടെ ചികിത്സയിലിരിക്കെ ചന്ദ്ര മരണത്തിന് കീഴടങ്ങി. സംഭവത്തിൽ കേസെടുത്ത വാർത്തൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
Story Summary: A 58-year-old security guard, Chandra Shahi, was allegedly murdered by his 38-year-old son Drona Bahadur Shahi following a heated argument at an apartment complex in Bengaluru. Varthur police arrested the accused after the victim succumbed to injuries at Victoria Hospital.


