ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗമായ നാഷണൽ കോൺഗ്രസ് ഓഫ് ഇന്ത്യ (NCPI) ഗ്രൂപ്പിൽ വീണ്ടും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നു (TMC rebel MPs NDA meeting boycott). മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം.പിയുമായ യൂസഫ് പഠാൻ, അബു താഹിർ ഖാൻ, ഖലിലൂർ റഹ്മാൻ എന്നീ മൂന്ന് എം.പിമാർ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണിയുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. പാർലമെന്റ് ഹൗസ് കോംപ്ലക്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന എൻ.ഡി.എ മുന്നണി യോഗത്തിൽ നിന്ന് ഇവർ വിട്ടുനിന്നു.
തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 20 അംഗങ്ങളുമായി രൂപീകരിച്ച പുതിയ ഗ്രൂപ്പിന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. തങ്ങൾ എൻ.ഡി.എയുടെ ഭാഗമല്ലെന്നും ബി.ജെ.പിയിലേക്ക് പോകില്ലെന്നും അബു താഹിർ ഖാൻ പരസ്യമായി വ്യക്തമാക്കി.
“ഞങ്ങൾ എൻ.ഡി.എയ്‌ക്കൊപ്പമില്ല, ബി.ജെ.പിയിലേക്ക് പോകുന്നതുമില്ല. ഇന്നത്തെ മുന്നണി യോഗത്തിൽ ഞങ്ങൾ മൂന്നുപേരും പങ്കെടുത്തിട്ടില്ല” – അബു താഹിർ പറഞ്ഞു. മണ്ഡലത്തിലെ വികസന ആവശ്യങ്ങൾക്കായി പശ്ചിമ ബംഗാൾ സർക്കാരുമായും മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായും സംസാരിക്കുമെന്നും എന്നാൽ ന്യൂനപക്ഷ വിരുദ്ധമായ ഒരു നിലപാടിനെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂറുമാറ്റ നിരോധന നിയമത്തിൽ (Anti-Defection Law) നിന്നും സ്പീക്കറുടെ നടപടികളിൽ നിന്നും സംരക്ഷണം ലഭിക്കണമെങ്കിൽ ടി.എം.സിയുടെ ആകെയുള്ള 28 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിന്റെ (കുറഞ്ഞത് 19 പേർ) പിന്തുണ തെളിയിക്കേണ്ടതുണ്ട്. മൂന്ന് എം.പിമാർ എൻ.ഡി.എ സഖ്യത്തോട് വിമുഖത കാണിച്ചതോടെ വിമത നീക്കവും പുതിയ പാർട്ടി രൂപീകരണവും കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്.
Story Summary: Cracks have appeared within the rebel Trinamool Congress (TMC) faction as three MPs—including Yusuf Pathan, Abu Taher Khan, and Khalilur Rahaman—boycotted the NDA meeting chaired by PM Narendra Modi, clarifying they will not align with the BJP-led alliance.


