പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കി തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) വൻ അഴിച്ചുപണി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ് തുടങ്ങിയ എട്ട് മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി (Trinamool Congress Crisis). ജാവേദ് അഹമ്മദ് ഖാൻ, അരൂപ് റോയ്, രതിൻ ഘോഷ്, ബിപ്ലബ് മിത്ര, സാബിന യാസ്മിൻ, സ്നേഹാശിഷ് ചക്രബർത്തി എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് നേതാക്കൾ. ഈ നേതാക്കൾക്ക് നേരത്തെ തന്നെ പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം തിങ്കളാഴ്ച പാർട്ടിയിൽ പുതിയ നേതൃഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നടപടി. റിതബ്രത ബാനർജിയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ അരൂപ് റോയിയെ തൃണമൂൽ കോൺഗ്രസിന്റെ പുതിയ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തതായും, 30 അംഗ ദേശീയ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചതായും പ്രഖ്യാപിച്ചിരുന്നു. ഫിർഹാദ് ഹക്കിം, അരൂപ് ബിശ്വാസ്, രതിൻ ഘോഷ്, സാബിന യാസ്മിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും അവർ നിയമിച്ചു. തൃണമൂൽ കോൺഗ്രസിന്റെ സ്ഥാപകയായ മമതാ ബാനർജിയെ പാർട്ടിയുടെ മാർഗദർശിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് റിതബ്രത ബാനർജി അവകാശപ്പെട്ടെങ്കിലും, വിമതരുടെ നീക്കത്തെ മമതാ ബാനർജി പക്ഷം പൂർണ്ണമായും തള്ളിക്കളഞ്ഞു.
Summary: The Trinamool Congress (TMC) has expelled eight senior leaders, including prominent figures like Firhad Hakim and Aroop Biswas, citing “anti-party activities.” This disciplinary action follows an internal revolt led by Opposition Leader Ritabrata Banerjee, who recently claimed to have formed a new leadership structure, replacing Mamata Banerjee as party chairperson with Arup Roy.

