ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ (Meta apologises PM Modi Facebook video) താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ ഐ.ടി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിരുപാധികം മാപ്പ് പറഞ്ഞ് സാങ്കേതിക ഭീമന്മാരായ മെറ്റ. സാങ്കേതിക പിഴവ് (Glitch) മൂലമാണ് വീഡിയോ ഓട്ടോമേറ്റഡ് സിസ്റ്റം വഴി നീക്കം ചെയ്യപ്പെട്ടതെന്നും, തെറ്റ് മനസ്സിലായ ഉടൻ തന്നെ വീഡിയോ പുനഃസ്ഥാപിച്ചതായും മെറ്റ പ്രതിനിധികൾ ഐ.ടി സമിതിയെ അറിയിച്ചു.
എന്നാൽ മെറ്റയുടെ വിശദീകരണത്തിലും ഖേദപ്രകടനത്തിലും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി സമിതി തൃപ്തരായിട്ടില്ല. വെറുമൊരു മാപ്പുപറച്ചിൽ കൊണ്ട് വിഷയം അവസാനിക്കില്ലെന്നും, ആരാണ് വീഡിയോ നീക്കം ചെയ്യാൻ ഉത്തരവിട്ടതെന്നും അതിന്റെ പൂർണ്ണ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും വ്യക്തമാക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ഉൾപ്പെട്ട ഉത്തരവാദികളായ ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
മെറ്റാ ഇന്ത്യ മേധാവിക്കെതിരെ എഫ്.ഐ.ആർ:
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി നടത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരവും എ.ഐ നിർമ്മിതവുമായ (AI-generated deepfakes) വ്യാജ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. ബി.ജെ.പി അനുയായികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത (BNS), ഐ.ടി ആക്ട് എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്.
Story Summary: Meta apologized to the Parliamentary Standing Committee on IT after briefly taking down Prime Minister Narendra Modi’s Facebook video due to a technical glitch. Unsatisfied with the apology, the panel led by Nishikant Dubey demanded accountability and legal action. Meanwhile, Meta India head Arun Srinivas faces an FIR in Telangana over AI-morphed videos targeting PM Modi.


