മകനെ മൂന്നാം ഭാര്യക്ക് ഇഷ്ടമല്ല; ഏഴു വയസ്സുകാരനെ കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത

മൂന്നാം ഭാര്യയുടെ സമ്മർദത്തിന് വഴങ്ങി യുവാവ് ഏഴു വയസ്സുകാരനായ മകനെ ഉറക്കത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ പ്രതീക് ആണ് കൊല്ലപ്പെട്ടത്. മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെയായിരുന്നു പ്രതീക് എല്ലാ ദിവസവും ഉറങ്ങിയിരുന്നത്. എന്നാൽ കഴിഞ്ഞ ഞായറാഴ്ച, കൂളർ ഉള്ള മുറിയിൽ കിടന്നുറങ്ങാമെന്ന് പറഞ്ഞ് 26 കാരനായ പിതാവ് കുട്ടിയെ വിളുച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.

കുട്ടി ഉറങ്ങിയ ശേഷം ടി.വി ഓണാക്കി ശബ്ദം പരമാവധി കൂട്ടിവെച്ച പ്രതി ശശിപാൽ മകനെ കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തുന്നതിനിടെ മൂന്നാം ഭാര്യ പായലിനെ വീഡിയോ കോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ഇയാൾ കൃത്യം വീഡിയോയിൽ പകർത്തി പായലിന് അയച്ചു കൊടുത്തെന്നും പൊലീസ് പറഞ്ഞു.
ശശിപാലിനെയും പായലിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതീകിനേ വീട്ടില്‍ നിന്നു മാറ്റുകയോ കൊല്ലുകയോ ചെയ്തില്ലെങ്കിൽ താൻ വീട്ടിലേക്ക് വരില്ലെന്ന് പായൽ, ശശിപാലിനോട് പറഞ്ഞിരുന്നുവത്രേ. എന്നാൽ തനിക്ക് കൃത്യത്തിൽ പങ്കില്ലെന്ന് പായൽ പ്രതികരിച്ചു. കൃത്യത്തിന്‍റെ വീഡിയോ ശശിപാലിന്‍റെ ഫോണിൽ നിന്നു പൊലീസ് പിടിച്ചെടുത്തു.