ന്യൂഡൽഹി: അർജന്റീനൻ നായകൻ ലിയോണൽ മെസിയുടെ ഡൽഹി സന്ദർശനം കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വൈകുന്നു. മെസിക്ക് ഡൽഹിയിലെത്തേണ്ട വിമാനം മുംബൈയിൽ നിന്ന് ഇതുവരെ പുറപ്പെടാനായിട്ടില്ല. ഉച്ചയ്ക്ക് 2.30-ഓടെ ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെത്തുമെന്ന് കരുതിയിരുന്ന മെസി വൈകിട്ട് 4 മണിയോടെ മാത്രമേ എത്തൂ എന്നാണ് നിലവിലെ സൂചന.(Lionel Messi’s Delhi tour hit by fog, Argentine star stuck in Mumbai)
മെസിയെ നേരിൽ കാണാനായി മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ വലിയ നിര സ്റ്റേഡിയത്തിന് പുറത്തുണ്ട്. 6000 രൂപ നൽകിയാണ് പലരും ടിക്കറ്റെടുത്തത്. വൈകിയാലും മെസിയെ ഒന്ന് കണ്ടാൽ മതിയെന്നാണ് ആരാധകരുടെ പ്രതികരണം. കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന് അകത്തും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആരാധകരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി.
അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന മത്സരത്തിലും മെസി കളിക്കുന്നുണ്ട്. ഡൽഹിയിലെ കനത്ത മൂടൽമഞ്ഞും തണുപ്പും വിമാന സർവീസുകളെയും നഗരത്തിലെ വായു ഗുണനിലവാരത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിൽ മാത്രം എയർ ഇന്ത്യയുടെ 40 സർവീസുകളാണ് പുകമഞ്ഞ് കാരണം റദ്ദാക്കിയത്. 150-ലധികം വിമാന സർവീസുകൾ വൈകുകയും 4 വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.
താപനിലയിലുണ്ടായ കുറവും വായുമലിനീകരണം രൂക്ഷമായതുമാണ് പുകമഞ്ഞ് ശക്തമാകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 8.2 ഡിഗ്രി സെൽഷ്യസ് ആണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതര വിഭാഗത്തിലാണ് തുടരുന്നത്. ഇന്ന് രേഖപ്പെടുത്തിയ ശരാശരി എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 456 ആണ്.
വായുമലിനീകരണം രൂക്ഷമായതോടെ സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. വിഷയം പ്രതിപക്ഷം പാർലമെന്റിലും ഉയർത്തി. കോൺഗ്രസ് എം.പി.മാരായ പ്രിയങ്ക ഗാന്ധിയും മാണിക്കം ടാഗോറും വായു മലിനീകരണത്തെപ്പറ്റി ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി. വിഷയം സഭയിൽ ചർച്ച ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതിപക്ഷ നിലപാട്.