ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ദിവസം നീണ്ടുനിൽക്കുന്ന മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനായി ഇന്ന് രാവിലെ പത്ത് മണിയോടെ യാത്ര തിരിച്ചു. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്.(Prime Minister Narendra Modi leaves for Jordan, Ethiopia, Oman)
മോദിയുടെ ആദ്യ സന്ദർശനം ജോർദാനിലാണ്. ജോർദാനിലെത്തുന്ന മോദി, അബ്ദുള്ള രണ്ടാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ജോർദാനും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വർഷത്തിലാണ് മോദിയുടെ ഈ യാത്ര എന്നത് ശ്രദ്ധേയമാണ്.
നാളെ രാവിലെ ഇന്ത്യയിലെയും ജോർദാനിലെയും വ്യവസായികളുടെ യോഗത്തിൽ മോദി പങ്കെടുക്കും. ഇതിന് ശേഷം അദ്ദേഹം പെട്രയിലേക്ക് പോകും. ജോർദാനിൽ നിന്ന് മോദി അടുത്തതായി എത്തുന്നത് എത്യോപ്യയിലാണ്. അവിടെ പ്രധാനമന്ത്രി അബി അഹമ്മദലിയുമായി അദ്ദേഹം ചർച്ച നടത്തും. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യയിൽ എത്തുന്നത്.
എത്യോപ്യയിൽ നിന്ന് ബുധനാഴ്ച മോദി ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്കും ഒമാനും ഇടയിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാർഷികത്തിലാണ് മോദിയുടെ രണ്ടാമത്തെ ഒമാൻ യാത്ര.നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ വിദേശ സന്ദർശനം ഇന്ത്യയുടെ ഗൾഫ്, ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.