ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലെയും യു.ഡി.എഫ്. എം.പി.മാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ പ്രതിഷേധിച്ചു. ശബരിമല വിഷയത്തിലെ അഴിമതി ചോദ്യം ചെയ്താണ് എം.പി.മാർ പ്രതിഷേധിച്ചത്.(UDF MPs protest in front of Parliament over Sabarimala gold theft)
പ്രതിഷേധത്തിന്റെ ഭാഗമായി എം.പി.മാർ "പോറ്റിയെ കേറ്റിയേ, സ്വർണം ചെമ്പായി മാറ്റിയെ" എന്ന പാട്ട് പാടിക്കൊണ്ടാണ് പ്രതിഷേധിച്ചത്. ശബരിമല വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യു.ഡി.എഫ്. തീരുമാനിച്ചിട്ടുണ്ട്. ശബരിമല സ്വർണക്കൊള്ള പാർലമെന്റിൽ ഉന്നയിക്കേണ്ട പ്രധാന വിഷയമാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
"ശബരിമല ഭക്തർ കേരളത്തിൽ മാത്രം ഒതുങ്ങുന്നവരല്ല." അതിനാൽ ഈ വിഷയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. "ശബരിമല കൊള്ളയിൽ ഉന്നതന്മാർ ഇനിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ല. അന്വേഷണസംഘത്തിന് മുകളിൽ സർക്കാരിന്റെ നിയന്ത്രണമുണ്ട്," സണ്ണി ജോസഫ് ആരോപിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചു എന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണത്തെ സണ്ണി ജോസഫ് സ്വാഗതം ചെയ്തു. "വൈകിയാണെങ്കിലും അത്തരം കാര്യങ്ങൾ സി.പി.ഐ. പറഞ്ഞത് നല്ല കാര്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.