മകൻ മദ്യത്തിനും കഞ്ചാവിനും അടിമ, പിതാവ് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു
Thu, 18 May 2023

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് മകനെ ക്രൂരമായി കൊലപ്പെടുത്തി. മദ്യത്തിനും കഞ്ചാവിനും അടിമയായ 35 കാരനെ അച്ഛനും സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മൃതദേഹം കത്തിച്ചു.
മേയ് 15നായിരുന്നു സംഭവം നടന്നത്. കുടുംബവുമായുള്ള തർക്കത്തെ തുടർന്ന് വയലിൽ വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ചൊവ്വാഴ്ചയോടെ ഇയാൾ മരണത്തിന് കീഴടങ്ങിയതായി കുടുംബം മനസിലാക്കി. മർദനത്തെ തുടർന്നുണ്ടായ പരുക്കാണ് മരണത്തിലേക്ക് നയിച്ചതെന്നും തിരിച്ചറിഞ്ഞതോടെ പൊലീസ് നടപടി ഭയന്ന് ഇവർ മൃതദേഹം കത്തിക്കുകയുമായിരുന്നു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.