സിദ്ധരാമയ്യയെ വിമർശിക്കുന്ന പോസ്റ്റ് പങ്കുവച്ചു; അധ്യാപകനു സസ്പൻഷൻ
May 23, 2023, 07:17 IST

ചിത്രദുർഗ: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിമർശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച അധ്യാപകനു സസ്പൻഷൻ. ചിത്രദുർഗ ജില്ലയിലുള്ള സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകനായ ശാന്തമൂർത്തി എംജിയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തത്.
വൻതോതിൽ വായ്പകൾ വാങ്ങിക്കൂട്ടി സംസ്ഥാനത്തെ കടക്കണിയിലാക്കി നേതാവ് വീണ്ടും എത്തുന്നു എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുൻസർക്കാർ സംസ്ഥാനത്തെ സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ച് എച്ച്. രാജശേഖർ എന്നയാൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ശാന്തമൂർത്തി പങ്കുവച്ചത്.

മുൻ മുഖ്യമന്ത്രിമാരുടെ കാലത്ത് കടമെടുത്ത തുകയും പോസ്റ്റിൽ രേഖപ്പെടുത്തിയിരുന്നു. സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് അധ്യാപകനെ സസ്പൻഡ് ചെയ്തതെന്ന് സസ്പെൻഷൻ ഉത്തരവിൽ വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു.