ബെംഗളൂരു: സർക്കാർ ജീവനക്കാർക്ക് പ്രതിമാസം ഒരു ദിവസത്തെ ശമ്പളത്തോടെയുള്ള ആർത്തവ അവധി അനുവദിച്ച് കർണാടക സർക്കാർ. ഇതുസംബന്ധിച്ച നിർദേശം സർക്കാർ വകുപ്പുകൾക്ക് കൈമാറി. എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കർണാടക ഇതോടെ മാറി. (നിലവിൽ ബിഹാർ, ഒഡിഷ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ അവധി ലഭിക്കുന്നത്). ഡിസംബർ 2-നാണ് സംസ്ഥാനത്തെ വനിതാ സർക്കാർ ജീവനക്കാർക്ക് എല്ലാ മാസവും ഒരു ദിവസത്തെ ആർത്തവ അവധി അടിയന്തരമായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിട്ടത്.(Monthly paid menstrual leave for female employees in Karnataka)
സ്ഥിരം ജീവനക്കാർ, കരാർ ജീവനക്കാർ, ഔട്ട്‌സോഴ്‌സ് ജോലി ചെയ്യുന്നവർ എന്നിവർക്കെല്ലാം ഉത്തരവ് ബാധകമാണ്. 18 നും 52 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മാസത്തിൽ ഒരു ദിവസം ശമ്പളത്തോടെയുള്ള ആർത്തവ അവധി നിർബന്ധമാക്കി. വനിതാ ജീവനക്കാർക്ക് വർഷത്തിൽ മൊത്തം 12 അവധി അധികമായി ലഭിക്കും.
അവധി അതത് മാസത്തിൽത്തന്നെ എടുക്കണം; അടുത്ത മാസങ്ങളിലേക്ക് നീട്ടാൻ സാധിക്കില്ല. മെഡിക്കൽ സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ആവശ്യപ്പെടാതെ തന്നെ അവധി അനുവദിക്കണം. തൊഴിൽ വകുപ്പ് തയ്യാറാക്കിയ ആർത്തവ അവധി നയത്തിന് കഴിഞ്ഞ മാസമാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. വിവിധ നിയമങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ ഉത്തരവ് ബാധകമാണ്.