"അമ്മേ ഞാൻ അവനെ കൊന്നു കളഞ്ഞു;" പ്രായം എട്ട്, കൊലപ്പെടുത്തിയത് സ്വന്തം അനുജത്തി ഉൾപ്പെടെ മൂന്ന് കുഞ്ഞുങ്ങളെ; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലറായ അമർജീത് സദായുടെ കഥ | Amarjeet Sada

ഖുശ്ബു എവിടെയെന്ന ചോദ്യത്തിന് അവൻ നൽകിയ മറുപടി 'ഞാൻ അവളെ കൊന്നു' എന്നായിരുന്നു
 Amarjeet Sada
Updated on

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ, അമർജീത് സദാ (Amarjeet Sada) എന്ന പേര് കേൾക്കാത്തവർ ചുരുക്കമാണ്. കുറ്റകൃത്യങ്ങളുടെ ലോകത്തെ കുപ്രസിദ്ധൻ. കൊലപതാക രീതി കൊണ്ടും ഇരകളുടെ എണ്ണം കൊണ്ടും കുപ്രസിദ്ധി നേടിയ പരമ്പര കൊലയാളികൾ നിരവധിയാണ്. എന്നാൽ സ്വന്തം പ്രായം കൊണ്ട് ലോകത്തെ നടുക്കിയ പരമ്പര കൊലയാളിയാണ് സദാ. പ്രായം വെറും എട്ടു വയസ്സ്, ബാല്യത്തിന്റെ നിറവർണ്ണങ്ങളിൽ പാറിപറക്കേണ്ട ബാലൻ കൊലപ്പെടുത്തിയത് സ്വന്തം അനുജത്തി ഉൾപ്പെടെ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ. മുഖത്ത് ചെറു പുഞ്ചിരിയോടെയാണ് സദാ ആ കുരുന്നുകളുടെ ജീവൻ അപഹരിച്ചത്. നിഷ്കളങ്കതയോടെ ബാല്യം ആസ്വദിക്കേണ്ട അമർജീത് സദാ കളിച്ചതും ചിരിച്ചതും വളർന്നതുമെല്ലാം ദുർഗുണ പരിഹാര പാഠശാലയിലായിരുന്നു.

ബിഹാറിലെ മുഷാഹറി (Mushari) എന്ന ചെറു ഗ്രാമത്തിൽ കൂലിത്തൊഴിലാളിയായ ബാലറാമും ഭാര്യ പാരുളും. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ഇപ്പുറവും അവർക്ക് ഒരു കുഞ്ഞില്ലായിരുന്നു. എന്നാൽ പ്രാർത്ഥനകൾക്കും കണ്ണീരിനും ഒടുവിൽ 1998 ൽ അവർക്ക് ഒരു ആൺകുഞ്ഞ് ജനിക്കുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ദരിദ്ര കുടുംബത്തിൽ ജനിച്ച ആ കുഞ്ഞിന് അവർ അമർജീത് സദാ എന്ന പേര് നൽകി. മറ്റ് കുട്ടികളെ പോലെ കളിയും ചിരിയും നിറഞ്ഞതായിരുന്നു സദായുടെയും ബാല്യം. എന്നാൽ വളരുന്നതിന് അനുസരിച്ച് ആ ബാലൻ അതെല്ലാം മറന്നു. പലപ്പോഴും പല ചിന്തകളിൽ മുഴുകി ആരോടും മിണ്ടാതെ ഒറ്റയ്ക്ക് മാറി നിൽക്കുന്ന പ്രകൃതം. പതിയെ പതിയെ അവൻ ആരോടും മിണ്ടാതെയായി. പുതിയ കളിക്കോപ്പുകൾക്കായി അവൻ പലപ്പോഴും പിടിവാശി കൂട്ടിയിരുന്നു. അപ്പോഴൊക്കെയും വാങ്ങി തരാൻ പൈസയില്ല എന്ന മറുപടിയാണ് മാതാപിതാക്കൾ നൽകിയിരുന്നത്. തന്റെ ആഗ്രഹം നടക്കില്ല എന്ന് മനസിലാകുന്ന സദാ വീട്ടിനുള്ളിലെ സർവ്വതും തല്ലി തകർക്കുന്നു. എന്നാൽ മകന്റെ ഈ ആക്രമണ സ്വഭാവം മാതാപിതാക്കൾ പലപ്പോഴും കണ്ടില്ല എന്ന് നടിച്ചു.

അതൊരു അവധിക്കാലമായിരുന്നു, സദായ്ക്ക് വെറും ഏഴുവയസ്സ്. അവധികാലം സഹോദരിയോടെയൊപ്പം ചിലവിടുന്നതിനായി പാരുളിന്റെ സഹോദരി മീനയും അവളുടെ ആറുമാസം പ്രായമുള്ള ആൺ കുഞ്ഞും എത്തുന്നു. പെട്ടന്നാണ് മീനയ്ക്ക് പട്ടണത്തിൽ ഒരു ജോലി തരപ്പെടുന്നത്. അതോടെ തന്റെ കുഞ്ഞിനെ ഒരു മാസത്തേക്ക് നോക്കണമെന്ന് മീന പാരുളിനോട് പറഞ്ഞ് ഏൽപ്പിക്കുന്നു. എന്നാൽ തങ്ങൾക്ക് പോലും വേണ്ടത് കണ്ടെത്തുവാൻ കഴിയിയുന്നില്ല, അപ്പോൾ ആ കുഞ്ഞിനെ കൂടി നോക്കാൻ കഴിയില്ല എന്ന് പാരുൾ സഹോദരിയോട് പറയുന്നു. എന്നാൽ, തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാ​ഗം ഇങ്ങോട്ട് അയച്ചോളാം എന്ന് പറഞ്ഞ് ഉറപ്പിച്ചതിന് ശേഷം മീന മടങ്ങുന്നു. സദായ്ക്ക് അനുജൻ ഒരു കൂട്ടാകുമെന്ന് പാരുളും കരുതി.

ഒരു ദിവസം സദായെ അനുജന്റെ അടുത്ത് തനിച്ചാക്കി പാരുൾ ചന്തയിലേക്ക് പോകുന്നു. അനുജനെ നോക്കിക്കോണേ എന്ന് അമ്മ സദായോട് പറയുന്നു. അമ്മ പറയുന്നത് കേട്ട് തലയാട്ടി സദാ അമ്മ നടന്നു നീങ്ങുന്നതും നോക്കി വേലിക്കൽ തന്നെ നിന്നു. ശേഷം പതിയെ വീടിനുള്ളിലേക്ക് പ്രവേശിച്ച സദാ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ അടുത്തേക്ക് ചെല്ലുന്നു. കുറച്ചു നേരം ഉറങ്ങി കിടന്ന ആ കുഞ്ഞിനെ നോക്കി അവൻ നിന്നും, പെട്ടന്ന് അവന്റെ ഉള്ളിൽ വല്ലാത്തൊരു കുസൃതി തോന്നി. ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ ചെവിയിൽ സദാ ഒന്ന് നുള്ളി. വേദന കൊണ്ട് ആ കുഞ്ഞ് ഉറക്കെ കരയുവാൻ തുടങ്ങി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സദാ ഉറക്കെ ചിരിക്കുവാൻ തുടങ്ങി. കുഞ്ഞിന്റെ കൈയിലും കാലിലും എല്ലാം നുള്ളി, കുഞ്ഞ് ഉറക്കെ കരഞ്ഞു. ആദ്യമൊക്കെ കുഞ്ഞിന്റെ കരച്ചിൽ ആസ്വദിച്ച സദാക്ക് പതിയെ ആ നിലവിളി ആരോചാകമായി തോന്നി. അവൻ കുഞ്ഞിന്റെ മുഖത്ത് ശക്തിയോടെ അടിച്ചു. കുഞ്ഞിന്റെ നിലവിളി രുക്ഷമായി. കുഞ്ഞിന്റെ മുക്കിൽ വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചു, തൊണ്ടകുഴിയിൽ കൈകൾ കൊണ്ട് അമർത്തി. പതിയെ ശ്വാസം കിട്ടാതെ ആ കുഞ്ഞ് മരണപ്പെട്ടു, ചലനമില്ലാത്ത കുഞ്ഞിനെ നോക്കി സദാ പൊട്ടിച്ചിരിച്ചു.

കുഞ്ഞിന് അനക്കമില്ല എന്ന് കണ്ട സദാ, ആ കുഞ്ഞിനെ കൈകളിൽ എടുത്ത് വീട്ടിന് പുറത്തേക്ക് നടന്നു. വീടിന് പിന്നിലെ കൃഷിയിടത്തിലെ നിലത്ത് ആ കുഞ്ഞിനെ കിടത്തുന്നു. അപ്പോഴാണ് സദായുടെ കണ്ണുകൾ സമീപത്ത് കിടന്ന  ഇഷ്ടികയിൽ പതിയുന്നത്. ഒട്ടും വൈകിയില്ല, ആ ഇഷ്ടിക കൊണ്ട് ആ കുഞ്ഞിന്റെ തലയിൽ ആഞ്ഞടിച്ചു. ആറ് മാസം മാത്രം പ്രായമുള്ള ആ കുഞ്ഞിന്റെ തല ആദ്യ ഇടിയിൽ തന്നെ രണ്ടയിൽ പിളരുന്നു, മണ്ണിൽ ആ പിഞ്ചു കുഞ്ഞിന്റെ രക്തം തളംകെട്ടുന്നു. കൈയിൽ കിട്ടിയ ഒരു കമ്പ് കൊണ്ട് അവൻ ഒരു കുഴി കുത്തി, ആ കുഞ്ഞിനെ ആ കുഴിയിലിട്ട് മൂടി. കുഞ്ഞിനെ മറവ് ചെയ്ത സ്ഥലം മാറിപോകാതിരിക്കുവാൻ വേണ്ടി ആ ഇഷ്ടികയും, കമ്പും അതിനുമേൽ കുത്തി വച്ചു.

സമയം ഉച്ചയോട് അടുത്ത് കാണും. ചന്തയിൽ നിന്നും മടങ്ങി എത്തിയ പാരുൾ കാണുന്നത് തന്റെ പൊട്ടിയ പ്ലാസ്റ്റിക് കാറുമായി കളിക്കുന്ന സദായെയാണ്. വീടിനുള്ളിൽ പ്രവേശിച്ച പാരുൾ കുഞ്ഞിനെ കാണാത്തത് കൊണ്ട് അകെ പരിഭ്രമിച്ച് സദായോട് കുഞ്ഞ് എവിടെ എന്ന് തിരക്കുന്നു. അപ്പോൾ അവർക്ക് സദാ നൽകിയ മറുപടി ഒരു ചെറു പുഞ്ചിരി മാത്രമാണ്. എന്നാൽ പാരുൾ വീണ്ടും വീണ്ടും കുഞ്ഞ് എവിടെയെന്ന് ചോദിക്കുന്നു. മുഖത്ത് പുഞ്ചിരിയോടെ അവൻ പറഞ്ഞു "അമ്മേ ഞാൻ അവനെ കൊന്നു കളഞ്ഞു". മകൻ കള്ളം പറയുന്നതാണെന്ന് പാരുൾ ആദ്യം കരുതി. മകന്റെ വാക്കുകൾ വിശ്വസിക്കാത്ത അമ്മ പിന്നെയും പിന്നെയും മകനോട് കുഞ്ഞ് എവിടെയെന്ന ചോദ്യം തുടർന്നു. കളിപ്പാട്ടവും മിഠായിയും വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് പോലും അവൻ അവന്റെ വാക്കുകൾ മാറ്റുന്നില്ല. താൻ കുഞ്ഞിനെ ഒളിപ്പിച്ചു വച്ചിരിക്കുകയാണെന്ന് മറുപടി സദാ അമ്മയ്ക്ക് നൽകി. അവൻ കുഞ്ഞാണെന്നും ഒളിച്ചു കളിക്കാനുള്ള പ്രായമായില്ലെന്നും പാരുൾ മകനോട് പറയുന്നു. അപ്പോഴേക്കും സദാ അമ്മയുടെ കൈയും പിടിച്ച് കൃഷിയിടത്തേക്ക് നടന്നു, കുഞ്ഞിന് ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലം കാട്ടിത്തരാം എന്ന് പറഞ്ഞാണ് സദാ അമ്മയുമായി നടന്നത്.

മണ്ണ് കൂട്ടിയിട്ട് ഇഷ്ടിക വച്ചിരിക്കുന്ന സ്ഥലത്തേക്ക് ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു അമ്മേ അവിടെയാണ് അവനെ ഒളിപ്പിച്ചു വച്ചിരിക്കുന്നത്. മകന്റെ വാക്കുകൾ കേട്ട് പാരുൾ ഒന്നു ഞെട്ടി. അവൾ നിലത്തിരുന്ന് സദാ ചൂണ്ടിക്കാണിച്ച ആ സ്ഥലത്തെ മണ്ണ് നീക്കം ചെയ്യുന്നു. ആ കുഴിയിലെ മണ്ണ് നീക്കം ചെയ്ത പാരുൾ കാണുന്നത് ചേതനയറ്റ കുഞ്ഞിന്റെ ശവശരീരമായിരുന്നു. വിവരം അറിഞ്ഞ അന്ന് രാത്രി വീട്ടിലെത്തിയ സദായുടെ പിതാവ് അവനെ പൊതിരെ തല്ലി. ശേഷം സംഭവം ആരും അറിയാതിരിക്കുവാൻ അവർ കുഞ്ഞിന്റെ ശവശരീരം മറ്റൊരിടത്ത് മറവ് ചെയ്യുന്നു. ഒരു മാസത്തിനുശേഷം കുഞ്ഞിനെ തിരികെ കൂട്ടിക്കൊണ്ട് പോകുവാനായി മീന എത്തുന്നു. മീനയോട് പാരുൾ സത്യം തുറന്ന് പറയുന്നു. മകന്റെ ഭാവിക്കായി യാചിച്ച മാതാപിതാക്കൾക്ക് മീന മാപ്പു നൽകി. അങ്ങനെ ആരും അറിയാതെ ആ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ സദായുടെ ആദ്യ കൊലപാതകത്തിന്റെ കഥ മൂടപ്പെട്ടു.

ഏതാനും മാസങ്ങൾക്ക് ശേഷം പാരുൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇത് അനുജത്തിയാണെന്നും ഇവളെ സംരക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ് എന്ന് മാതാപിതാക്കൾ സദായോട് നിരന്തരം പറയുമായിരുന്നു. മാതാപിതാക്കളുടെ വാക്കുകൾ അവനിൽ യാതൊരു തരത്തിലുള്ള സ്വാധീനവും ചെരുത്തിയിരുന്നില്ല. അച്ഛനും അമ്മയും മാത്രം അടങ്ങിയ കുടുംബത്തിലേക്ക് അനുജത്തിയുടെ അപ്രതീക്ഷിതമായ കടന്നുവരവ് അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരിക്കൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന അനുജത്തിയുടെ തൊണ്ട കുഴിയിൽ വിരലുകൾ അമർത്തി കൊലപ്പെടുത്തുന്നു. ശേഷം യാതൊന്നും അറിയാത്ത മട്ടിൽ തിരികെ ആ പൊട്ടിയ പ്ലാസ്റ്റിക് കാറുമായി സദാ കളിക്കുന്നു. ഉറക്കം ഉണർന്ന അമ്മ മകൾക്ക് പാലു കൊടുക്കുവാൻ കൈകളിലേക്ക് എടുക്കുമ്പോൾ ആണ് കുഞ്ഞു മരണപ്പെട്ട വിവരം അവർ മനസ്സിലാക്കുന്നത്.

കുഞ്ഞിന്റെ ശരീരവുമായി പുറത്തേക്ക് ഓടിയ പാരുൾ കാണുന്നത് വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സദായെയാണ്. 'നീ നിന്റെ അനുജത്തിയെ കൊന്നോട' എന്ന അമ്മയുടെ നിലവിളിക്ക് അവൻ മറുപടിയായി നൽകിയത് പുഞ്ചിരി മാത്രമാണ്. അതോടെ പാരുൾ ഉച്ചത്തിൽ കരയുവാൻ തുടങ്ങി. പാരുളിന്റെ നിലവിളി കേട്ട് ആ വീട്ടിലേക്ക് നാട്ടുകാർ ഓടി കൂടുന്നു. നാട്ടുകാർ പോലീസുകാരോട് വിവരമറിയിക്കുവാൻ മാതാപിതാക്കളുടെ ആവശ്യപ്പെടുന്നു. എന്നാൽ തങ്ങളുടെ മകനൊരു തെറ്റു പറ്റിയതാണെന്നും ഇത് പുറംലോകം അറിഞ്ഞാൽ തങ്ങളുടെ മകന്റെ ഭാവി നശിക്കും എന്നും അവർ കരഞ്ഞു പറയുന്നു. അതോടെ നാട്ടുകാരും നിശബ്ദരായി.

സദായുടെ മൂന്നാമത്തെ ഇര. ഗ്രാമത്തിലെ ചുൻപുൻ ദേവിയുടെ മക്കൾ ഖുശ്ബുവായിരുന്നു. ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിൽ മകളെ ഉറക്കി കിടത്തിയിട്ട് മാതാപിതാക്കൾ റേഷൻ കടയിൽ പോയതായിരുന്നു. തിരികെ എത്തിയപ്പോൾ കുഞ്ഞ് അവിടെ ഉണ്ടയിരുന്നില്ല. ഒരുപാട് നേരം കുഞ്ഞിനെ അന്വേഷിച്ചെങ്കിലും കുഞ്ഞിനെ കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല. ഇനി ഒരുപക്ഷെ സ്വന്തം അനുജത്തിയെ കൊലപ്പെടുത്തിയത് പോലെ സദാ തങ്ങളുടെ മകളെയും എന്തെങ്കിലും ചെയ്തു കാണുമോ എന്ന ഭയം അവരിൽ നിറഞ്ഞു. അവർ സദായുടെ വീട്ടിലേക്ക് പോകുന്നു. അവിടെ എത്തിയപ്പോൾ, എന്നെത്തെയും പോലെ പൊട്ടിയ പ്ലാസ്റ്റിക് കാറുമായി കളിക്കുന്ന സദായെയാണ് അവർ കണ്ടത്. ഖുശ്ബു എവിടെയെന്ന ചോദ്യത്തിന് അവൻ നൽകിയ മറുപടി 'ഞാൻ അവളെ കൊന്നു' എന്നായിരുന്നു. ഖുശ്ബുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട സ്ഥലം സദാ നാട്ടുകാർക്ക് കാട്ടികൊടുക്കുന്നു. അതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുന്നു. അന്വേഷണ ഉദ്യോ​ഗസ്ഥനായ ലോക്കൽ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ഇൻസ്‌പെക്ടർ ശത്രുഘ്നനോട് സദാ അവൻ ചെയ്ത മൂന്ന് കൊലപാതകങ്ങളെ പറ്റിയും പറയുന്നു.

സദാ കുറ്റക്കാരനാണ് എന്ന് തെളിഞ്ഞെങ്കിൽ പോലും എന്തിന് വേണ്ടിയാണ് മൂന്ന് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് എന്നത് ഇന്നും വ്യക്തമല്ല. പെരുമാറ്റ വൈകല്യം (Conduct Disorder) എന്ന മാനസിക രോഗത്തിന് അടിമയായിരുന്നു സദാ. ഒരുപക്ഷെ ഈ മാനസിക അവസ്ഥയാകാം സദായെ കൊലപാതക പരമ്പരകളിലേക്ക് തള്ളിവിട്ടത്ത്. കേസ് അന്വേഷണത്തിന് ഒടുവിൽ സദാ കുറ്റകരനാണ് എന്ന് ജുവനൈൽ കോടതി കണ്ടെത്തി.  പ്രായപൂർത്തി ആകാത്ത ഒരാളെ ആജീവനാന്തം ജയിലിൽ അടക്കാനോ വധശിക്ഷയ്ക്ക് വിധേയനാക്കാനോ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വകുപ്പുകളില്ല. അതുകൊണ്ട് സദായ്ക്ക് ലഭിച്ചത് മൂന്ന് വർഷത്തെ തടവ് ശിക്ഷ മാത്രമാണ്. വിചാരണയെപ്പറ്റിയോ, ശിക്ഷയെപ്പറ്റിയോ, മോചനത്തെപ്പറ്റിയോ യാതൊരു വിവരവും സർക്കാർ പുറത്തുവിട്ടിട്ടുണ്ടായിരുന്നില്ല. ജയിൽ മോചിതനായ സദാ ഇപ്പോൾ എവിടെയാണ്? എന്ത് ചെയുന്നു? എന്ന് ഒന്നും ആർക്കും അറിയില്ല. സദായുടെ കൊലപാതക പാരമ്പരകൾ അരങ്ങേറി വർഷങ്ങ്ൾക്ക് ഇപ്പുറവും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ എന്ന ഖ്യാതി അമർജീത് സദായ്ക്ക് സ്വന്തമാണ്.

Summary

Amarjeet Sada, an eight-year-old boy from Bihar, is believed to be the world’s youngest serial killer, responsible for killing three infants including his own sister. He committed the murders with disturbing calmness, burying the bodies and later revealing the acts with a smile. Diagnosed with conduct disorder, he received only three years in juvenile custody, and his current whereabouts remain unknown.

Related Stories

No stories found.
Times Kerala
timeskerala.com