

ഹരിയാന: ഹരിയാനയിലെ പാനിപ്പത്തിൽ നിന്നും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരയുടെ വിവരം പുറത്ത് വരുന്നത് ( Serial Infanticide). മറ്റ് കുട്ടികളോടുള്ള അസൂയയും മാനസിക വിഭ്രാന്തിയും കാരണം 34 വയസ്സുകാരിയായ പൂനം എന്ന യുവതി സ്വന്തം മൂന്നുവയസ്സുകാരൻ മകൻ ഉൾപ്പെടെ നാല് കുട്ടികളെ കൊലപ്പെടുത്തിയതായി പോലീസ് കണ്ടെത്തി. വെള്ളത്തിൽ മുക്കിക്കൊന്നാണ് കുട്ടികളെല്ലാം കൊല്ലപ്പെട്ടതെന്നാണ് അറസ്റ്റിലായ പൂനം പോലീസിനോട് വെളിപ്പെടുത്തിയത്.
ചില കുട്ടികൾ തന്നെക്കാൾ ആകർഷകരും സുന്ദരരുമാണെന്ന് തോന്നിയാൽ അവരോട് അസൂയ തോന്നിയിരുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. അത്തരത്തിൽ ഭംഗി കൂടുതലെന്ന് തോന്നിയ മൂന്ന് കുട്ടികളെയാണ് യുവതി കൊലപ്പെടുത്തിയത്. ഈ കൊലപാതകങ്ങൾ തന്റെ മകൻ കാണാൻ ഇടയുണ്ടോ എന്ന സംശയത്തിൽ, ആരും അറിയാതിരിക്കാൻ സ്വന്തം മൂന്നുവയസ്സുകാരനായ ശുഭം എന്ന മകനെയും അവർ കൊലപ്പെടുത്തി. രണ്ട് വർഷത്തിനിടെ നടന്ന നാല് കൊലപാതകങ്ങളാണ് അരങ്ങേറിയത്.
ഒരു വിവാഹ ചടങ്ങിനിടെ ആറ് വയസ്സുകാരിയായ ഒരു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവമാണ് ഈ കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. ഡിസംബർ ഒന്നിന് നൗൾത്ത ഗ്രാമത്തിലെ വിവാഹ വേളയിൽ ആറ് വയസ്സുകാരിയായ വിധി എന്ന പെൺകുട്ടിയെ പ്ലാസ്റ്റിക് ടബ്ബിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയതിനെത്തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും വിവാഹത്തിൽ പങ്കെടുത്ത എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തു. മരിച്ച വിധിയുടെ അമ്മായിയായ പൂനത്തിന്റെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് കൂടുതൽ കർശനമായി ചോദ്യം ചെയ്തപ്പോൾ അവർ കുറ്റം സമ്മതിച്ചു. നാല് കുട്ടികളെ താൻ കൊലപ്പെടുത്തിയെന്ന് പൂനം വെളിപ്പെടുത്തി.
2023-ൽ ഭാവർ ഗ്രാമത്തിലുള്ള സഹോദര ഭാര്യയുടെ മകൾ, ഒൻപത് വയസ്സുകാരിയായ ഇഷികയെ ജലസംഭരണിയിൽ മുക്കിക്കൊന്നു. ഇതൊരു അപകടമരണമായി വീട്ടുകാർ കരുതി. ഇഷികയെ കൊല്ലുന്നത് മകൻ ശുഭം (3) കണ്ടിട്ടുണ്ടാകുമോ എന്ന സംശയത്തിൽ, തെളിവുകൾ ഇല്ലാതാക്കാൻ പൂനം സ്വന്തം മകനെയും വെള്ളത്തിൽ മുക്കിക്കൊന്നു. തുടർന്ന്, സ്വന്തം നാടായ സിവാഹ് ഗ്രാമത്തിലെ ഒരു ചടങ്ങിൽ വെച്ച്, ആറ് വയസ്സുകാരിയായ ജിയയെ പ്ലാസ്റ്റിക് ടബ്ബിൽ മുക്കി കൊലപ്പെടുത്തി. ഏറ്റവുമൊടുവിൽ നൗൾത്തയിലെ വിവാഹ ചടങ്ങിനിടെയാണ് ആറ് വയസ്സുകാരിയായ വിധിയെ ടബ്ബിൽ മുക്കിക്കൊന്നത്.
അറസ്റ്റിലായ പൂനത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നാല് കുട്ടികളുടെയും കൊലപാതകങ്ങൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
A shocking case of serial infanticide has emerged in Panipat, Haryana, where a 34-year-old mother, Poonam, confessed to murdering four young children, including her own three-year-old son. Driven by jealousy and a belief that the victims were "more attractive" than her child, she drowned them, often making the incidents appear accidental. The horrific crime spree came to light following the suspicious death of a six-year-old girl at a wedding, leading to the woman's eventual arrest and police remand.