ജയിലിലെ പ്രണയം, പരോളിൽ ഇറങ്ങി വിവാഹം: ഒളിവിൽപ്പോയ ജീവപര്യന്തം തടവുകാരെ വർഷങ്ങൾക്ക് ശേഷം പിടികൂടി | Prisoners

നിലവിൽ ദമ്പതികളെ സൂറത്ത് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
Love in prison, marriage on parole, Escaped prisoners caught after years
Updated on

പാനിപ്പത്ത്: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ സൂറത്തിലെ ജയിലിൽ വെച്ച് പ്രണയത്തിലായ രണ്ട് തടവുകാർ പരോളിൽ ഇറങ്ങി ഒളിവില്‍പ്പോയ സംഭവത്തിൽ വർഷങ്ങൾക്കുശേഷം അറസ്റ്റ്. ബിഹാർ സ്വദേശിയായ മുഹമ്മദ് റിയാസ് മൻസൂരി (38), ഗുജറാത്തിലെ വൽസാദ് സ്വദേശിനിയായ കിന്നരി പട്ടേൽ (36) എന്നിവരെയാണ് ഹരിയാനയിലെ പാനിപ്പത്തിൽ നിന്ന് ഗുജറാത്ത് പോലീസ് ചൊവ്വാഴ്ച പിടികൂടിയത്.(Love in prison, marriage on parole, Escaped prisoners caught after years)

കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ഇവർ 2018-2019 കാലത്താണ് പരോളിൽ ഇറങ്ങി മുങ്ങിയത്. അറസ്റ്റിലാകുമ്പോൾ ഇവർക്ക് അഞ്ച് വയസ്സുള്ള മകനുണ്ടായിരുന്നു. ആദ്യ വിവാഹത്തിലെ പങ്കാളികളെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കിന്നരി പട്ടേൽ 2010-ലും മുഹമ്മദ് റിയാസ് മൻസൂരി 2008-ലുമാണ് കുറ്റവാളികളായത്. സൂറത്ത് ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കുടുംബാംഗങ്ങളെ കാണാനുള്ള വിസിറ്റിംഗ് റൂമിൽ വെച്ചാണ് ഇരുവരും കണ്ടതും പ്രണയത്തിലായതുമെന്നാണ് പോലീസ് വിശദമാക്കുന്നത്.

കിന്നരി പട്ടേൽ 2017 സെപ്റ്റംബർ 9-നും മുഹമ്മദ് റിയാസ് മൻസൂരി 2018 മെയ് 28-നുമാണ് പരോളിൽ ഇറങ്ങിയത്. പരോൾ കാലാവധി കഴിഞ്ഞ് ഇരുവരും ജയിലിലേക്ക് മടങ്ങാതെ ഒളിവിൽ പോവുകയായിരുന്നു. ബിഹാറിലെ ബക്സറിലും വൽസാദിലും പോലീസ് തുടർച്ചയായി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, ഇവർ വിസിറ്റിംഗ് റൂമിൽ വെച്ച് കണ്ടിരുന്നുവെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പോലീസ് മുഹമ്മദ് റിയാസ് മൻസൂരിയുടെ സഹോദരി നൂറുന്നീസയെ ചോദ്യം ചെയ്തു.

സഹകരിക്കാതിരുന്ന നൂറുന്നീസയുടെ ഫോൺ പോലീസ് നിരീക്ഷണത്തിലാക്കി. 12 ഫോൺ നമ്പറുകളാണ് സംശയത്തിൻ്റെ പേരിൽ നിരീക്ഷിച്ചത്. പാനിപ്പത്തിൽ വെച്ച് മുഹമ്മദ് റിയാസ് മൻസൂരി ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത ഫോൺ നമ്പർ അവിടുത്തെ ഒരു ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയതോടെയാണ് അന്വേഷണം ഹരിയാനയിലേക്ക് നീണ്ടത്. ബാങ്ക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഒരു സ്ഥാപനത്തിൽ നടത്തിയ റെയ്ഡിലാണ് പോലീസ് ഇവരെ പിടികൂടുന്നത്. ഇവരുടെ അഞ്ച് വയസ്സുള്ള മകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

2025 ജനുവരിയിലാണ് ഇവർ പാനിപ്പത്തിൽ ഒരു സ്ഥാപനം തുറക്കുന്നത്. കമ്പിളി വസ്ത്ര നിർമ്മാണ മേഖലയിലും കാർപ്പെറ്റ്, ബെഡ് ഷീറ്റ് കമ്പനികളിലുമായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. നിലവിൽ ദമ്പതികളെ സൂറത്ത് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com