തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
May 15, 2023, 11:01 IST

ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. 35 ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലെ വില്ലുപുരത്തും ചെങ്കല്പ്പേട്ടിലുമാണ് ദുരന്തം ഉണ്ടായത്. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉള്ളതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 22 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി പ്രത്യേക സംഘം തെരച്ചില്‍ നടത്തിവരികയാണ്. അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പ്രഖ്യാപിച്ചിട്ടുണ്ട്.