സാസാരം: സെൻസസ് ജോലികളും വോട്ടർ പട്ടിക പുതുക്കലും കഴിഞ്ഞ് ശ്വാസം വിടാൻ തുടങ്ങുന്ന ബിഹാറിലെ അധ്യാപകർക്ക് പുതിയ തലവേദന. സ്‌കൂൾ പരിസരത്തെ തെരുവുനായ്ക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ രോഹ്താസ് ജില്ലയിലെ സാസാരം മുൻസിപ്പൽ കോർപ്പറേഷൻ അധ്യാപകർക്ക് നിർദ്ദേശം നൽകി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അധ്യാപകർക്ക് ഇത്തരം ജോലികൾ നൽകുന്നത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.(Census of stray dogs, New duty for teachers in Bihar)
നഗരത്തിൽ തെരുവുനായ്ക്കൾക്കായി ഒരു സംരക്ഷണ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം. ഓരോ സ്‌കൂളിലും തെരുവുനായ്ക്കളുടെ വിവരങ്ങൾ കൈമാറാൻ ഒരു അധ്യാപകനെ 'നോഡൽ ഓഫീസറായി' നിയമിക്കണം.
സ്‌കൂൾ പരിസരത്തുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, അവയെ നിയന്ത്രിക്കാനുള്ള മാർഗ്ഗങ്ങൾ എന്നിവ ഈ അധ്യാപകൻ റിപ്പോർട്ട് ചെയ്യണം. അനധ്യാപക ജോലികൾ കൊണ്ട് പൊറുതിമുട്ടിയ തങ്ങളെ ഇനിയും വേട്ടയാടരുതെന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. "ക്ലാസ് മുറികളിൽ പഠിപ്പിക്കേണ്ട സമയത്താണ് ഞങ്ങൾ തെരുവുനായ്ക്കളുടെ പിന്നാലെ നടക്കേണ്ടി വരുന്നത്. ഇത് അധ്യാപകവൃത്തിക്ക് ചേർന്നതല്ല," എന്ന് ഒരു അധ്യാപകൻ പ്രതികരിച്ചു.