ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത് 52,976 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ശേഖരിച്ച വിവരങ്ങൾ ഉദ്ധരിച്ച് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.(Indians lost 53,000 crores in cyber fraud, Huge loot in 6 years)
കഴിഞ്ഞ ആറ് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ സൈബർ തട്ടിപ്പുകൾ ഭയാനകമായ രീതിയിലാണ് വർധിക്കുന്നത്. 2020-ൽ വെറും 8.56 കോടി രൂപ മാത്രമായിരുന്ന തട്ടിപ്പ് തുക 2021-ൽ 551.65 കോടിയായും 2022-ൽ 2,290.23 കോടിയായും കുത്തനെ ഉയർന്നു. 2023-ൽ ഇത് 7,463.2 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലാണ് രാജ്യം ഏറ്റവും വലിയ സൈബർ കൊള്ളയ്ക്ക് സാക്ഷ്യം വഹിച്ചത്. 2024-ൽ ഏകദേശം 22,849.49 കോടി രൂപ തട്ടിപ്പുകാർ കൈക്കലാക്കിയപ്പോൾ 2025-ൽ മാത്രം 19,812.96 കോടി രൂപയാണ് ഇന്ത്യക്കാർക്ക് നഷ്ടമായത്. 2025-ൽ മാത്രം 21.77 ലക്ഷത്തിലധികം പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
2025-ലെ കണക്കനുസരിച്ച് നഷ്ടപ്പെട്ട തുകയുടെ 77 ശതമാനവും വ്യാജ നിക്ഷേപ പദ്ധതികൾ വഴിയാണ് നടന്നത്. ഇതിനുപുറമെ ഡിജിറ്റൽ അറസ്റ്റിലൂടെ 8 ശതമാനവും, ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ 7 ശതമാനവും പണം നഷ്ടമായി. സെക്സ്റ്റോർഷൻ (4%), ഇ-കൊമേഴ്സ് തട്ടിപ്പുകൾ (3%), വ്യാജ ആപ്പുകൾ (1%) എന്നിവയും പണം തട്ടാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
രാജ്യത്തെ ആകെ സൈബർ നഷ്ടത്തിന്റെ പകുതിയിലധികവും അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്. 3,203 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്. തൊട്ടുപിന്നാലെ കർണാടക (2,413 കോടി), തമിഴ്‌നാട് (1,897 കോടി), ഉത്തർപ്രദേശ് (1,443 കോടി), തെലങ്കാന (1,372 കോടി) എന്നീ സംസ്ഥാനങ്ങളാണുള്ളത്. നഗരപ്രദേശങ്ങളിലും ഡിജിറ്റൽ സാക്ഷരത കൂടുതലുള്ള ഇടങ്ങളിലുമാണ് തട്ടിപ്പുകാർ പ്രധാനമായും വലവിരിക്കുന്നത്. ഗുജറാത്ത്, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പുകൾ നടന്നിട്ടുണ്ട്.