ന്യൂഡൽഹി: പൊതുസ്ഥാപനങ്ങളിൽ നിന്ന് പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം അവിടെത്തന്നെ വീണ്ടും തുറന്നുവിട്ടാൽ എങ്ങനെയാണ് നായ ശല്യം ഇല്ലാതെയാകുക എന്ന് സുപ്രീംകോടതി ചോദിച്ചു. നായകൾ കടിക്കാതിരിക്കാൻ ഇനി അവർക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഏക പോംവഴിയെന്ന് മൃഗസ്നേഹികളോട് കോടതി പരിഹാസരൂപേണ പറഞ്ഞു.(The only option now is to provide counseling to stray dogs, says Supreme Court)
നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശിനി അഭിരാമിയുടെ അമ്മ, അക്രമകാരികളായ നായകളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ തെരുവിൽ നിന്ന് നീക്കം ചെയ്യാൻ മുൻകാല വിധികൾ ഉണ്ടെന്ന് അവരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വന്ധ്യംകരണം വഴി എണ്ണം കുറയ്ക്കാമെന്നും ജനങ്ങളെ ബോധവൽക്കരിച്ചാൽ ആക്രമണം തടയാമെന്നും മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നായ ആക്രമണം മാത്രമല്ല, ഇവ കാരണം റോഡുകളിലുണ്ടാകുന്ന അപകടങ്ങളും അതീവ ഗുരുതരമാണെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് കപിൽ സിബൽ കോടതിയിൽ സമ്മതിച്ചു. തെരുവുനായ പ്രശ്നത്തിൽ മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇതുവരെ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. ദേശീയപാതകളിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ തടയാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ദേശീയപാത അതോറിറ്റിയും കോടതിയെ അറിയിച്ചു.