ജോലിക്കു പോകാൻ ആഗ്രഹിച്ച മരുമകളെ ഇഷ്ടിക കൊണ്ട് മർദ്ദിച്ച് ഭർതൃപിതാവ്
Thu, 16 Mar 2023

ന്യൂഡൽഹി: ഭർതൃപിതാവിന്റെ മർദ്ദനമേറ്റ് ഡൽഹിയിൽ 26-കാരിക്ക് ഗുരുതര പരിക്ക്. ജോലിക്കു പോകാൻ ആഗ്രഹിച്ചതിന്റെ പേരിലാണ് കാജലിനെ ഭർതൃപിതാവ് ക്രൂരമായി മർദ്ദിച്ചത്. യുവതിയെ ഇയാൾ ഇഷ്ടിക കൊണ്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവ് പ്രവീൺ കുമാറിനെ സഹായിക്കാനാണ് കാജൽ ജോലിക്ക് പോകാമെന്ന് പറഞ്ഞത്. എന്നാൽ ഇത് കേട്ടപ്പോൾ ഭർതൃപിതാവ് വഴക്കിടുകയും ചൊവ്വാഴ്ച ജോലിക്കു വേണ്ടി ഇന്റർവ്യൂവിന് പോകാനിറങ്ങിയപ്പോൾ യുവതിയെ ഇയാൾ മർദിക്കുകയുമായിരുന്നു. ഡൽഹിയിലെ പ്രേംനഗറിലൂടെ നടക്കവെ യുവതിയുടെ തലയിൽ ഭർതൃപിതാവ് ഇഷ്ടിക കൊണ്ട് മർദ്ദിക്കുകയായിരുന്നു. പല തവണ ഭർതൃപിതാവ് ഇഷ്ടിക കൊണ്ട് ഇവരുടെ തലയിൽ ഇടിച്ചു. രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമങ്ങളും ഇയാൾ തടഞ്ഞു. കാജലിനെ ഭർത്താവ് ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ തലയിൽ 17 സ്റ്റിച്ചുകൾ ഇട്ടു. കാജലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ഭർതൃപിതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.