ഈറോഡ്: സെപ്റ്റംബറിൽ കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണ സംഭവത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യ പൊതുപരിപാടിയുമായി നടനും ടിവികെ നേതാവുമായ വിജയ്. വ്യാഴാഴ്ച ഈറോഡിലെ പെരുന്തുറയിലെ കൂറ്റൻ റാലിയോടെ താരം രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുന്നു.9First political rally of TVK in Tamil Nadu after Karur tragedy, Vijay to address crowd in Erode)
എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്ന മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനാണ് ഈറോഡിലെ റാലിക്ക് ചുക്കാൻ പിടിച്ചത്. സെങ്കോട്ടയ്യന്റെ രാഷ്ട്രീയ സ്വാധീനം ഈറോഡിൽ വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിൽ നിർണ്ണായകമായി. 35,000-ത്തോളം പേരാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രസംഗം കേൾക്കാൻ വിജയമംഗലം ടോൾ പ്ലാസയ്ക്ക് സമീപമുള്ള വേദിയിൽ എത്തിയത്. ചെന്നൈയിൽ നിന്ന് വിമാനമാർഗ്ഗം കോയമ്പത്തൂരിലെത്തിയ വിജയ്, അവിടെ നിന്ന് 68 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാണ് ഈറോഡിലെത്തിയത്.
കരൂരിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് പോലീസ് അനുമതി നൽകിയത്. ഏകദേശം 84 നിബന്ധനകളാണ് പോലീസ് മുന്നോട്ടുവെച്ചത്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർ പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി കർശന നിർദ്ദേശം നൽകിയിരുന്നു. വേദിയിലും പരിസരത്തുമായി 60-ലധികം സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ആയിരത്തിലധികം പോലീസുകാർക്ക് പുറമെ പാർട്ടിയുടെ സ്വന്തം സുരക്ഷാ സേനയും ബൗൺസർമാരും സുരക്ഷാ ചുമതലയിലുണ്ടായിരുന്നു.
ആംബുലൻസുകളും പ്രത്യേക മെഡിക്കൽ സംഘങ്ങളും സജ്ജമാക്കി. കുടിവെള്ളത്തിനും മറ്റ് സൗകര്യങ്ങൾക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. പ്രത്യേകം സജ്ജീകരിച്ച പ്രചാരണ ബസിന് മുകളിൽ നിന്നാണ് വിജയ് അണികളെ അഭിസംബോധന ചെയ്യുന്നത്. പരിപാടിക്ക് ശേഷം അദ്ദേഹം കോയമ്പത്തൂരിലേക്ക് മടങ്ങും. തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് തന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ റാലിയെ വിലയിരുത്തുന്നത്.