70 വർഷത്തെ സൗഹൃദം: ഊഷ്മള വരവേൽപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിൽ; CEPA കരാർ ഒപ്പിടും | PM Modi

സുൽത്താൻ ഹൈതം ബിൻ താരിക്കുമായി കൂടിക്കാഴ്ച
70 വർഷത്തെ സൗഹൃദം: ഊഷ്മള വരവേൽപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിൽ; CEPA കരാർ ഒപ്പിടും | PM Modi
Updated on

ന്യൂഡൽഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്‌കറ്റിൽ ഉജ്ജ്വല സ്വീകരണം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സയ്യിദ് ശിഹാബ് ബിൻ താരിക് അൽ സഈദ് അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികാഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.(70 years of friendship, PM Modi receives warm welcome in Oman)

സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കുമായി പ്രധാനമന്ത്രി നിർണായക ചർച്ചകൾ നടത്തും. പ്രതിരോധം, സുരക്ഷ, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളും ചർച്ചാവിഷയമാകും. സുൽത്താൻ ഒരുക്കുന്ന ഔദ്യോഗിക വിരുന്നിലും അദ്ദേഹം പങ്കെടുക്കും.

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇന്ന് ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാര തീരുവകൾ ഗണ്യമായി കുറയും. ഇന്ത്യയിൽ നിന്നുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, യന്ത്രസാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവയ്ക്ക് ഒമാൻ വിപണിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. ഊർജ സുരക്ഷ, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ ശക്തമായ സഹകരണം ഉറപ്പാക്കും. കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ ദിവസം ബിസിനസ് ഫോറത്തിൽ ഈ കരാറിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു.

മസ്‌കറ്റിലെ ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി സംവദിക്കും. ഒമാനിലുള്ള ഏതാണ്ട് ഏഴ് ലക്ഷത്തോളം വരുന്ന പ്രവാസി ഇന്ത്യക്കാർ ഏറെ ആവേശത്തോടെയാണ് ഈ സന്ദർശനത്തെ നോക്കിക്കാണുന്നത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം നരേന്ദ്ര മോദി നടത്തുന്ന രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്.

Related Stories

No stories found.
Times Kerala
timeskerala.com