ന്യൂഡൽഹി: ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല നയതന്ത്ര സൗഹൃദം കൂടുതൽ കരുത്തുറ്റതാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം. സമുദ്ര പൈതൃകം, കൃഷി, വ്യവസായം തുടങ്ങി നിർണ്ണായക മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ജോർദാൻ, എത്യോപ്യ സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രി മസ്കറ്റിലെത്തിയത്.(New chapter in India-Oman relations, 4 major agreements signed)
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കുന്നതാണ് ഒപ്പുവെച്ച കരാറുകൾ. സമുദ്ര പൈതൃകം, മ്യൂസിയങ്ങൾ, ശാസ്ത്രീയ ഗവേഷണം എന്നിവയിൽ സംയുക്ത സംരംഭങ്ങൾ, ഇരുരാജ്യങ്ങളിലെയും തൊഴിൽ മേഖലയ്ക്ക് ഗുണകരമാകുന്ന രീതിയിലുള്ള നൈപുണ്യ പരിശീലന പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മില്ലറ്റ് കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിര കാർഷിക രീതികൾ എന്നിവയ്ക്ക് മുൻഗണന, വ്യാപാര-നിക്ഷേപ ബന്ധങ്ങൾ വിപുലീകരിക്കാൻ ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും (OCCI), കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (CII) തമ്മിൽ കരാറിലെത്തി.
നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധത്തെ മുൻനിർത്തി സമുദ്ര സുരക്ഷയും ഗവേഷണവും ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പരമ്പരാഗത മേഖലകൾക്ക് അപ്പുറത്തേക്ക് തന്ത്രപരമായ പങ്കാളിത്തം വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെക്കുന്നതിന്റെ മുന്നോടിയായാണ് ഈ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യൻ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇത് യാഥാർത്ഥ്യമാകുന്നതോടെ സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് മേഖലകളിൽ വൻ നിക്ഷേപ സാധ്യതകൾ തുറക്കപ്പെടും.ഒമാൻ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മസ്കറ്റിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. പുതിയ കരാറുകൾ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർണ്ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.