

ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിലെത്തിയതിൽ സുപ്രീംകോടതി സംതൃപ്തി രേഖപ്പെടുത്തി. തർക്കങ്ങൾ പരിഹരിച്ച് വി.സി നിയമനം അംഗീകരിച്ച കോടതി, ഭാവിയിലും ഇത്തരം പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.(Supreme Court expresses happiness over government - Governor consensus on VC appointment)
സ്ഥിരം വി.സിമാരില്ലാതെ സർവകലാശാലകൾക്ക് മുന്നോട്ട് പോകാനാകില്ല. വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചായിരുന്നു കോടതിക്ക് ഏറെ ആശങ്കയുണ്ടായിരുന്നത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലൂടെ പ്രശ്നം പരിഹരിക്കപ്പെട്ടതിനെ കോടതി 'ശുഭകാര്യം' എന്ന് വിശേഷിപ്പിച്ചു. വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ട ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിയോട് കോടതി പ്രത്യേക നന്ദി അറിയിച്ചു.
വി.സി നിയമനത്തിൽ സുപ്രീംകോടതി നേരിട്ട് ഇടപെടുകയും നിയമനം നടത്തുമെന്ന് അറിയിക്കുകയും ചെയ്തതോടെയാണ് സർക്കാർ-ഗവർണർ പോരിന് അയവു വന്നത്. ഗവർണർ മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി ക്ഷണിക്കുകയും തുടർന്നുണ്ടായ കൂടിക്കാഴ്ചയിൽ വി.സിമാരുടെ കാര്യത്തിൽ തീരുമാനമാവുകയുമായിരുന്നു എന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. യോഗ്യരായ വ്യക്തികളെ തന്നെയാണ് ഇരു സർവകലാശാലകളിലും നിയമിച്ചതെന്ന് ഗവർണറുടെയും സർക്കാരിന്റെയും അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കി.
ഗവർണർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ചില കാര്യങ്ങളിൽ സർക്കാർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ആ സത്യവാങ്മൂലം ഇനി പരിഗണിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, കേസിന്റെ ഭാഗമായി ഉയർന്നുവന്ന പ്രധാനപ്പെട്ട നിയമപരമായ വിഷയങ്ങളിൽ കോടതി തുടർന്നും വാദം കേൾക്കും.