ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്താനുള്ള നിർദ്ദേശം സർക്കാരിന്റെ പരിഗണനയിൽ. വിദ്യാഭ്യാസമന്ത്രി രാജ്‌മോഹനാണ് ഈ നിർദ്ദേശം മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് മുൻപാകെ സമർപ്പിച്ചത്.(Tamil Nadu Government Considers Weekly Chicken Biryani For School Mid Day Meal Scheme)
സംസ്ഥാനത്തെ സ്കൂൾ പോഷകാഹാര പദ്ധതിയുടെ ചരിത്രം ഓർമ്മിപ്പിച്ചാണ് മന്ത്രി നിർദ്ദേശം അവതരിപ്പിച്ചത്. കാമരാജ് ഉച്ചഭക്ഷണ പദ്ധതി അവതരിപ്പിച്ചപ്പോൾ, കരുണാനിധി മുട്ടയും, എം.ജി.ആർ പോഷകാഹാര പദ്ധതിയുമാക്കി മാറ്റുകയും, ജയലളിത ആഴ്ച മുഴുവൻ മുട്ട വിതരണം വ്യാപിപ്പിക്കുകയും ചെയ്തു. അതേ മാതൃകയിൽ ആഴ്ചയിലൊരിക്കൽ വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നിർദ്ദേശം നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഇതിനു പുറമെ, സ്കൂൾ പ്രാതൽ പദ്ധതിയിലെ നിലവിലെ വിഭവങ്ങളിൽ മാറ്റം വരുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്. വിദ്യാർത്ഥി ഒന്നിന് 15 രൂപ തോതിൽ അനുവദിക്കുന്ന നിലവിലെ പദ്ധതിയിൽ, ഗോതമ്പ്, റവ ഉപ്പുമാവ് തുടങ്ങിയ പതിവ് വിഭവങ്ങൾക്ക് പകരം കൂടുതൽ പോഷകസമൃദ്ധവും രുചികരവുമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താനാണ് ആലോചന. ഈ നിർദ്ദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ തമിഴ്‌നാട്ടിലെ സ്‌കൂൾ ഭക്ഷണ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്നായി ഇത് മാറും.
Story Summary
The Tamil Nadu government is evaluating a proposal by School Education Minister Rajmohan to serve chicken biryani once a week to government school students under the Mid-Day Meal Scheme. The proposal is currently under consideration by Chief Minister C Joseph Vijay, along with plans to revamp the school breakfast menu.


