ചെന്നൈ: തമിഴ്‌നാട്ടിൽ ലഹരിമരുന്ന് മാഫിയയെയും വ്യാജമദ്യ വിപണനത്തെയും പൂർണ്ണമായി തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ കടുത്ത നടപടികളിലേക്ക് കടന്ന് മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള പുതിയ ടിവികെ (TVK) സർക്കാർ. അധികാരമേറ്റ ഉടൻ തന്നെ ലഹരിക്കെതിരെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ഉത്തരവിട്ടതിന് പിന്നാലെ, സംസ്ഥാനത്ത് ഉടനടി നടപ്പിലാക്കേണ്ട 14 കർശന നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എക്സൈസ് കമ്മീഷണർ പുറത്തിറക്കി.(Tamil Nadu CM Vijay Anti Drug Measures Excise Commissioner Strict Orders Schools Colleges)
സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി വിപണനം തടയുന്നതിനുള്ള വിപുലമായ പദ്ധതികളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സ്‌കൂളുകൾ, കോളേജുകൾ, വിദ്യാർത്ഥി ഹോസ്റ്റലുകൾ, പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയുടെ പരിസര പ്രദേശങ്ങളിൽ എക്സൈസ് വകുപ്പ് ഇനി മുതൽ സ്ഥിരമായി കർശനമായ പരിശോധനകൾ നടത്തും.
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ക്യാമ്പസുകൾക്ക് സമീപം എത്തുന്ന ലഹരിസംഘങ്ങളെ പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പുറമെ ലഹരി വിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറാൻ പ്രാദേശിക തലത്തിൽ രഹസ്യവിവരദാതാക്കളെ കണ്ടെത്തി ചുമതലപ്പെടുത്താനും മുഖ്യമന്ത്രി വിജയ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. വ്യാജമദ്യ നിർമ്മാണവും ലഹരിമരുന്ന് കടത്തും നടക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുള്ള തമിഴ്‌നാട്ടിലെ ഹോട്ട്‌സ്‌പോട്ടുകളിൽ എക്സൈസ് സംഘം തുടർച്ചയായി മിന്നൽ റെയ്ഡുകൾ നടത്തും. കൗമാരക്കാർക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി 21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യവിൽപ്പന നടത്തുന്നത് കർശനമായി വിലക്കാനും, പ്രായം തെളിയിക്കുന്നതിനായി ടാസ്മാക് ഔട്ട്ലെറ്റുകളിൽ ആധാർ കാർഡോ ഡ്രൈവിംഗ് ലൈസൻസോ നിർബന്ധമാക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. തമിഴകത്തെ ലഹരിമുക്തമാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മുൻനിർത്തിയാണ് മുഖ്യമന്ത്രി വിജയ്‌യുടെ ഈ അടിയന്തര ഇടപെടലുകൾ.
Story Summary
The Tamil Nadu government, led by newly elected Chief Minister Vijay, has initiated stringent anti-drug enforcement measures. Following CM Vijay’s directives, the State Excise Commissioner issued 14 strict guidelines, including regular raids near schools, colleges, and transport hubs, alongside forming a local network of secret informers to eliminate narcotics.

