ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ കോക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്, തനിക്കെതിരെ ഉയർന്ന “ഡീൽ” ആരോപണങ്ങൾ തള്ളി രംഗത്ത് (Sonam Wangchuk Deal Allegation Response). 26 ദിവസത്തെ കഠിനമായ നിരാഹാരത്തിനുശേഷവും തന്റെ ആത്മാർത്ഥത തെളിയിക്കേണ്ട സാഹചര്യം വന്നതിൽ വേദനയും നിരാശയും അത്ഭുതവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജന്തർ മന്തറിലെ തുറസ്സായ വേദിയിൽ നിന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റപ്പെട്ട ശേഷമാണ് വാങ്ചുക് വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. ദീർഘകാല നിരാഹാരത്തെ തുടർന്ന് 11 കിലോയോളം ശരീരഭാരം കുറഞ്ഞതായും പേശികൾ ക്ഷയിച്ചതായും ആന്തരാവയവങ്ങളുടെയും മസ്തിഷ്കത്തിന്റെയും പ്രവർത്തനം ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിലാണ് വാങ്ചുക് ഉപവാസം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ ചിലർ ഉന്നയിച്ച രാഷ്ട്രീയ ധാരണയുടെയും രഹസ്യ കരാറിന്റെയും ആരോപണങ്ങൾ അദ്ദേഹം ശക്തമായി നിഷേധിച്ചു. “ഒരു ഡീലിൽ എത്താനായിരുന്നു ലക്ഷ്യമെങ്കിൽ ഒരു മാസം കൊടുംചൂടിൽ റോഡരികിൽ പട്ടിണി കിടക്കേണ്ട കാര്യമുണ്ടായിരുന്നോ? അത് എയർ കണ്ടീഷൻ ചെയ്ത ഒരു മുറിയിൽ ഇരുന്ന് ചെയ്യാമായിരുന്നില്ലേ?” എന്ന് വാങ്ചുക് ചോദിച്ചു. തന്റെ സമരത്തിന്റെ വിശ്വാസ്യത തെളിയിക്കാൻ ഇനി ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയാണോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
കഠിനമായ ഈ ദിവസങ്ങളിൽ തനിക്കൊപ്പം ഉറച്ചുനിന്ന ആയിരക്കണക്കിന് ആളുകൾക്കും പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. സമരത്തിന്റെ ലക്ഷ്യം ഒരിക്കലും വ്യക്തിപരമായ രാഷ്ട്രീയ നേട്ടമല്ലെന്നും വിദ്യാർഥികളുടെ ഭാവിയും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയും സംരക്ഷിക്കുകയെന്നതായിരുന്നു തന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോക്റോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കേന്ദ്രസർക്കാർ നിയമപരിഷ്കാരങ്ങളും ഫാസ്റ്റ് ട്രാക്ക് കോടതികളും പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സംഘടന.
വാങ്ചുക് ആരോഗ്യപരമായ കാരണങ്ങളാലാണ് ഉപവാസം അവസാനിപ്പിച്ചതെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നുവെന്നും സിജെപി നേതാക്കൾ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വീഴ്ചയ്ക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കുന്നതുവരെ ജന്തർ മന്തറിലെ പ്രതിഷേധം കൂടുതൽ ശക്തമായി തുടരുമെന്നും അവർ ആവർത്തിച്ചു.
Summary: Social activist Sonam Wangchuk has rejected allegations that he ended his 26-day hunger strike as part of a political deal. While thanking supporters, he said the Centre’s legal reforms are welcome, but the CJP has maintained that its protest will continue until Union Education Minister Dharmendra Pradhan resigns.


