ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കോക്റോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് തുടരുന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്കിടെ സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും നിർണായക ചർച്ച നടത്തും (CJP Centre Talks Today). വിദ്യാഭ്യാസമന്ത്രിയുടെ രാജിക്കാര്യത്തിൽ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നതിലേക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങളും വിദ്യാർഥി സംഘടനകളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഇന്നലെ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ചില ആവശ്യങ്ങളിൽ ധാരണയായതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാമെന്ന സൂചന നൽകിയെന്നാണ് വിവരം.
എന്നാൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് സിജെപി വ്യക്തമാക്കുന്നത്. ഈ ആവശ്യം അംഗീകരിക്കാത്ത പക്ഷം സമരം രാജ്യവ്യാപകമായി ശക്തമാക്കുമെന്നും വീണ്ടും പാർലമെന്റ് മാർച്ചുൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ പ്രഖ്യാപിക്കുമെന്നും പാർട്ടി നേതാക്കൾ മുന്നറിയിപ്പ് നൽകി.
നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ഉയർന്ന പ്രതിഷേധം ശമിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ നിയമഭേദഗതികളും ഫാസ്റ്റ് ട്രാക്ക് കോടതികളും പ്രഖ്യാപിച്ചിരുന്നു. പരീക്ഷാ ക്രമക്കേട് കേസുകളിൽ മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കുന്ന സംവിധാനവും കർശന ശിക്ഷാ വ്യവസ്ഥകളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് കേന്ദ്രസർക്കാരിന്റെ പുതിയ നടപടികളെ സ്വാഗതം ചെയ്ത് നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും, സിജെപി പ്രധാന ആവശ്യമായ വിദ്യാഭ്യാസമന്ത്രിയുടെ രാജിയിൽ ഉറച്ചുനിൽക്കുകയാണ്. നിയമഭേദഗതികൾ മാത്രം മതിയാകില്ലെന്നും രാഷ്ട്രീയ ഉത്തരവാദിത്തവും ഉറപ്പാക്കണമെന്നുമാണ് അവരുടെ നിലപാട്. ഇന്നത്തെ ചർച്ചയിൽ ധർമേന്ദ്ര പ്രധാൻ്റെ രാജി സംബന്ധിച്ച് കേന്ദ്രം വ്യക്തമായ നിലപാട് അറിയിക്കുമോയെന്നതാണ് രാഷ്ട്രീയമായി ഏറ്റവും നിർണായകമായ ചോദ്യം. ചർച്ച പരാജയപ്പെട്ടാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Summary: The Cockroach Janta Party (CJP) has reiterated that it will not withdraw its demand for Union Education Minister Dharmendra Pradhan’s resignation over the NEET controversy. Fresh talks between the Centre and CJP leaders are scheduled today, with the outcome expected to shape the future course of the nationwide protests.


