ഇതുവരെ 600 മദ്രസകൾ അടച്ചുപൂട്ടി, 300 കൂടി പൂട്ടും; അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
May 20, 2023, 07:56 IST

അസമിൽ 300 മദ്രസകൾ കൂടി അടച്ചുപൂട്ടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസം പൊലീസും ക്വാമി ഓർഗനൈസേഷനുകളും തമ്മിലുണ്ടായ ചർച്ചയുടെ ഫലമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്രസ നടത്തിപ്പുകാരും ബിജെപി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. മൂന്നൂറോളം മദ്രസകൾ കൂടി അടച്ചുപൂട്ടാൻ ചർച്ചയിൽ ധാരണയായി.
കഴിഞ്ഞ മാർച്ചിൽ സംസ്ഥാനത്തെ 600 മദ്രസകൾ അടച്ചുപൂട്ടുകയാണെന്ന് ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ മദ്രസകളും പൊതുവിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സാധാരണ സ്‌കൂളുകളാക്കി മാറ്റണമെന്നാണ് ഉത്തരവ്. 2023 ജനുവരിയിൽ എടുത്ത കണക്ക് പ്രകാരം അസമിൽ രജിസ്റ്റർ ചെയ്തതും ചെയ്യാത്തതുമായ 3,000 മദ്രസകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.