സിസോദിയയുടെ അപകീർത്തി പരാതി: കീഴ്ക്കോടതി നടപടികൾക്കു സ്റ്റേ

എംപിമാരായ മനോജ് തിവാരി, ഹൻസ് രാജ് ഹൻസ്, പ്രവേഷ് വർമ, മഞ്ജീന്ദർ സിംഗ് സിർസ, വിജേന്ദർ ഗുപ്ത, ബിജെപി വക്താവ് ഹരീഷ് ഖുറാന എന്നിവർക്കെതിരേയാണു സിസോദിയ പരാതി നൽകിയത്.
തനിക്കെതിരേ അടിസ്ഥാനമില്ലാതെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണു മനോജ് തിവാരി ഉൾപ്പെടെയുള്ള ആറു ബിജെപി നേതാക്കൾക്കേതിരേ സിസോദിയ പരാതി നൽകിയത്. കേസിൽ തിവാരിക്കുപുറമേ പ്രതിചേർക്കപ്പെട്ട ബിജെപി എംപിമാർക്കെതിരേയുള്ള കീഴ്ക്കോടതി നടപടികൾ ഹൈക്കോടതി നേരത്തേ മരവിപ്പിച്ചിരുന്നു. ആറു പ്രതികളിൽ നാലു പേർക്കെതിരേയുള്ള വിചാരണ കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയും അഞ്ചാം പ്രതിയായ ബിജെപി നേതാവ് വിജേന്ദർ ഗുപ്തയ്ക്കെതിരായ നടപടികൾ കോടതി റദ്ദാക്കുകയും ചെയ്ത സാഹചര്യത്തിൽ മനോജ് തിവാരിക്കെതിരായ നിയമനടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്നു തിവാരിയുടെ അഭിഭാഷകൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി. നടപടികൾ സ്റ്റേ ചെയ്തതിനു പുറമേ കീഴ്ക്കോടതി വിധിക്കെതിരേ മനോജ് തിവാരി നൽകിയ ഹർജിയിൽ മറുപടി ആവശ്യപ്പെട്ടു സിസോദിയയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
