ന്യൂഡൽഹി: ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയെന്ന അഭിമാന നേട്ടം സ്വന്തമാക്കി ഇന്ത്യ. ജപ്പാനെ പിന്നിലാക്കിയാണ് ഇന്ത്യ ഈ സ്ഥാനം കൈവരിച്ചത്. 4.18 ലക്ഷം കോടി ഡോളർ വലുപ്പമുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ വളർന്നുവെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി. അമേരിക്കയും ചൈനയും ജർമ്മനിയുമാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.(India overtakes Japan to become world's fourth largest economy)
നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2025-26) രണ്ടാം പാദത്തിൽ ഇന്ത്യ 8.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒന്നാം പാദത്തിൽ ഇത് 7.8 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലെ 7.4 ശതമാനത്തിൽ നിന്നാണ് ഇന്ത്യ എട്ട് കടന്നുള്ള മികച്ച വളർച്ചാനിരക്കിലേക്ക് എത്തിയത്. രാജ്യത്തെ ഉപഭോഗം വർധിച്ചതും ഉൽപ്പാദന മേഖലയിലെ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് കരുത്തായത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7.3 ലക്ഷം കോടി ഡോളറായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2030-ഓടെ ജർമ്മനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുക എന്നതാണ് അടുത്ത ഘട്ടം.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറഞ്ഞു. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റൽ സാമ്പത്തിക രംഗത്തെ വളർച്ചയും ഈ ലക്ഷ്യത്തിലേക്കുള്ള ദൂരം കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.