ചെന്നൈ: വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിന് നൽകിക്കൊണ്ടുള്ള മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ മൂന്ന് വർഷത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുർമു തിരിച്ചയച്ചു. വിസി നിയമനത്തെച്ചൊല്ലി ഗവർണർ ആർ.എൻ. രവിയുമായി നിയമയുദ്ധം നടത്തുന്ന സ്റ്റാലിൻ സർക്കാരിന് രാഷ്ട്രപതിയുടെ ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്.(Setback for DMK government, President sends back Madras University Bill)
സർവകലാശാലാ വൈസ് ചാൻസലറെ നിയമിക്കാനും നീക്കം ചെയ്യാനുമുള്ള അധികാരം ഗവർണറിൽ നിന്ന് മാറ്റി സർക്കാരിന് നൽകുന്ന ബിൽ നിയമസഭ പാസാക്കി. ബില്ലിലെ വ്യവസ്ഥകൾ യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആർ.എൻ. രവി ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുകയായിരുന്നു.
സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള കടുത്ത അധികാരത്തർക്കം കാരണം തമിഴ്‌നാട്ടിലെ 14 സർവകലാശാലകളിൽ വിസി പദം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. 168 വർഷം പഴക്കമുള്ള മദ്രാസ് സർവകലാശാലയിൽ 2023 ഓഗസ്റ്റ് മുതൽ വൈസ് ചാൻസലർ ഇല്ല. വിസി നിയമനത്തിനായി സർക്കാർ നിശ്ചയിക്കുന്ന സെർച്ച് കമ്മിറ്റിയെ ഗവർണറും, ഗവർണറുടെ കമ്മിറ്റിയെ സർക്കാരും അംഗീകരിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഗവർണർ അനിശ്ചിതമായി പിടിച്ചുവെച്ച 10 ബില്ലുകൾ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് നിയമമായെങ്കിലും, മദ്രാസ് സർവകലാശാലാ ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയച്ചതിനാൽ കോടതിയുടെ നേരിട്ടുള്ള പരിഗണനയിൽ വന്നിരുന്നില്ല. ഇതിനിടെ വിസി നിയമനാധികാരം ഗവർണറിൽ നിന്ന് മാറ്റിയുള്ള സർക്കാർ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഗവർണർക്ക് പ്രത്യേക സമയക്രമം നിശ്ചയിക്കാനാവില്ലെന്നും, അനിശ്ചിതമായി പിടിച്ചുവെച്ച ബില്ലുകൾക്ക് സ്വാഭാവികാനുമതി ലഭിച്ചതായി കരുതാനാവില്ലെന്നും പിന്നീട് സുപ്രീം കോടതി വ്യക്തമാക്കിയതും സർക്കാരിന് തിരിച്ചടിയായി.