ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുന്നതിനിടെ ഓൺലൈൻ സേവനങ്ങളെ പ്രതിസന്ധിയിലാക്കി ഡെലിവറി തൊഴിലാളികൾ രാജ്യവ്യാപക പണിമുടക്കിലേക്ക്. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോൺ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികളാണ് വേതന വർദ്ധനവും ഇൻഷുറൻസ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്കുന്നത്.(Online delivery workers to go on nationwide strike)
കൃത്യമായ വേതന വർദ്ധനവ് നടപ്പിലാക്കുക, ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങൾ അനുവദിക്കുക, ഗിഗ് തൊഴിലാളികൾക്ക് നിയമപരമായ സംരക്ഷണം നൽകുക എന്നിവയടക്കമാണ് ആവശ്യങ്ങൾ.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് യൂണിയൻ (TGPWU), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് (IFAT) എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മഹാരാഷ്ട്ര, കർണാടക, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന പുതുവത്സര തലേന്ന് ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുമെന്നാണ് യൂണിയനുകൾ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യ വിതരണത്തിന് പുറമെ ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് മേഖലകളെയും ഇത് കാര്യമായി ബാധിക്കും. ആഘോഷങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്ന നഗരവാസികൾക്ക് പണിമുടക്ക് വലിയ തിരിച്ചടിയാകും.