ന്യൂഡൽഹി: ഡൽഹിയിൽ കോക്രോച്ച് ജനത പാർട്ടി (സിഎജെപി) സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) ഉദ്യോഗസ്ഥരെ പരിഹസിച്ചെന്ന ആരോപണത്തെ തുടർന്ന് വിമർശനം നേരിട്ട സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശ്രദ്ധ സിങ് വിശദീകരണവുമായി രംഗത്ത് (Shradha Singh RAF viral video controversy). വൈറലായ വീഡിയോയിലൂടെ ഉദ്യോഗസ്ഥരെ അപമാനിക്കാനോ പരിഹസിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവത്തിൽ ക്ഷമ ചോദിക്കുന്നതായും അവർ പറഞ്ഞു.
പ്രതിഷേധസ്ഥലത്ത് നീല നിറത്തിലുള്ള കാമഫ്ലാഷ് യൂണിഫോം ധരിച്ച് ഇരുന്ന ആർഎഎഫ് ഉദ്യോഗസ്ഥരുടെ മുന്നിൽ നിന്നാണ് ശ്രദ്ധ വീഡിയോ ചിത്രീകരിച്ചത്. ടോയ്ലറ്റ് ക്ലീനർ പരസ്യത്തെ അനുകരിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ ചൂണ്ടിക്കാട്ടി “നീല നിറത്തിലുള്ളത് ടോയ്ലറ്റിന്” എന്നും ചുവന്ന വസ്ത്രം ധരിച്ചിരുന്ന തന്നെ ചൂണ്ടിക്കാട്ടി “ചുവപ്പ് നിറത്തിലുള്ളത് ബാത്ത്റൂമിന്” എന്നുമാണ് വീഡിയോയിൽ പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ശ്രദ്ധ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ അത് വ്യാപകമായി പ്രചരിച്ചു. ആർഎഎഫ് ഉദ്യോഗസ്ഥരെ അവഹേളിച്ചെന്നാണ് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിച്ചത്. വിമർശനം ശക്തമായതിനെ തുടർന്ന് വീഡിയോ പങ്കുവെച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് നീക്കം ചെയ്തതായും ശ്രദ്ധ വ്യക്തമാക്കി.
“വീഡിയോ പങ്കുവെച്ച ഉടൻ തന്നെ അത് തെറ്റായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മനസ്സിലായി. അതുകൊണ്ടാണ് അത് നീക്കം ചെയ്ത് ഉദ്യോഗസ്ഥരോട് ക്ഷമ ചോദിച്ച് മറ്റൊരു വീഡിയോ പങ്കുവെച്ചത്,” അവർ പറഞ്ഞു. ആർഎഎഫ് ഉദ്യോഗസ്ഥരുടെ യൂണിഫോം നീലയും തന്റെ വസ്ത്രം ചുവപ്പും ആയിരുന്നതിനാൽ ഒരു പരസ്യത്തെ അനുകരിക്കണമെന്ന ആശയം തോന്നിയതാണെന്നും, പരിഹസിക്കാനോ ദുരുദ്ദേശ്യത്തോടെയോ വീഡിയോ ചെയ്തതല്ലെന്നും ശ്രദ്ധ വിശദീകരിച്ചു. വീഡിയോ നീക്കം ചെയ്യാൻ ആരും നിർബന്ധിച്ചിട്ടില്ലെന്നും വ്യക്തിപരമായി വിഷമം തോന്നിയതിനെ തുടർന്നാണ് ക്ഷമാപണ വീഡിയോ പങ്കുവെച്ചതെന്നും അവർ പറഞ്ഞു. സംഭവത്തിന് പിന്നാലെ തനിക്ക് സമൂഹമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികളും വധഭീഷണികളും ലഭിക്കുന്നുണ്ടെന്നും ശ്രദ്ധ ആരോപിച്ചു. വിമർശനം ഉന്നയിക്കാനുള്ള അവകാശമുണ്ടെങ്കിലും അധിക്ഷേപങ്ങളും ഭീഷണികളും അംഗീകരിക്കാനാവില്ലെന്നും അവർ പ്രതികരിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ആരോപിച്ച് സിഎജെപി നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടന്റ് ക്രിയേറ്റർമാരിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരിലും ഒരാളായിരുന്നു ശ്രദ്ധ സിങ്.
Summary: Social media influencer Shradha Singh apologised after facing backlash over a viral video filmed in front of Rapid Action Force personnel during the CJP protest in Delhi. She said the video was not intended to mock or disrespect the officers and that she removed it shortly after posting it.


