പ്രാർത്ഥനയ്ക്ക് എത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ഇടവക വികാരിക്കെതി​രെ കേസ്

പ്രാർത്ഥനയ്ക്ക് എത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം: ഇടവക വികാരിക്കെതി​രെ കേസ്
നാഗർകോവിൽ: ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ നഴ്സിങ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ച വൈദികനെതിരെ കേസെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് നടപടി. പ്രതി പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവിടെ പ്രാർഥനക്കെത്തിയ തന്നെ പീഡിപ്പിച്ചതായി നഴ്സിങ് വിദ്യാർഥിനി നാഗർകോവിൽ എസ്.പി ഓഫിസിൽ പരാതി നൽകുകയായിരുന്നു. പ്രതിക്കെതിരെ സമാനരീതിയിൽ വേറെയും പരാതികൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി ഒളിവിൽ പോയതായി പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തി.

അടുത്തിടെ വൈദികനും ഏതാനും സ്ത്രീകളും ഒന്നിച്ചിരിക്കുന്ന അശ്ലീല ഫോട്ടോകളും വീഡിയോയും വാട്സാപ്പ് ചാറ്റുകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുറച്ചു ദിവസം മുമ്പ് ഒരു സംഘം ആളുകൾ തന്റെ വീട്ടിലെത്തി ആക്രമിച്ച് തന്റെ ലാപ്‌ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തുവെന്ന് ബെനഡിക്ട് ആന്റോ കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന്  ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർത്ഥിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തന്റെ മകനെതിരെ വൈദികൻ കള്ളക്കേസ് നൽകിയതാണെന്ന് ഓസ്റ്റിൻ ജിനോയുടെ അമ്മ  കന്യാകുമാരി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകുകയും ഒപ്പം ആരോപണ വിധേയനായ വികാരിക്ക് പല സ്ത്രീകളുമായുള്ള അവിഹിത ബന്ധം തെളിയിക്കുന്ന ഫോട്ടോകളും വീഡിയോയും ഇവർ ഹാജരാക്കുകയുമായിരുന്നു. 

Share this story