ദുബായ്: ടൂർണമെന്റിലുടനീളം പരാജയമറിയാതെ മുന്നേറിയ ഇന്ത്യയ്ക്ക് ഫൈനലിൽ അടിതെറ്റി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിശ്ചിത ഓവറിൽ ഉയർത്തിയ 348 റൺസ് എന്ന കൂറ്റൻ സ്കോറിന് മുന്നിൽ ഇന്ത്യൻ പോരാട്ടം വെറും 156 റൺസിൽ അവസാനിച്ചു.
നാലു വിക്കറ്റ് വീഴ്ത്തിയ അലി റാസയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. നായകൻ ആയുഷ് മാത്രെ ഉൾപ്പെടെയുള്ള മുൻനിര താരങ്ങൾ റൺസ് കണ്ടെത്താനാവാതെ മടങ്ങി.26.2 ഓവറിൽ തന്നെ ഇന്ത്യയുടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 14-കാരനായ വൈഭവ് സൂര്യവംശി സിക്സറടിച്ച് തുടങ്ങിയെങ്കിലും വലിയ സ്കോർ പടുത്തുയർത്താൻ ആർക്കും സാധിച്ചില്ല.
കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ പക്വതയോടെ കളിക്കുന്നതിന് പകരം തുടക്കത്തിലേ അടിച്ചുകളിക്കാൻ ശ്രമിച്ചത് ഇന്ത്യൻ നിരയ്ക്ക് തിരിച്ചടിയായി.ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെ നിഷ്പ്രഭമാക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അവർ ഇന്ത്യൻ നിരയെ സമ്മർദ്ദത്തിലാക്കി. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ തോൽവിക്ക് മധുരപ്രതികാരം കൂടിയായി പാകിസ്താന് ഈ കിരീടനേട്ടം.
ഫൈനലുകളിൽ പരാജയപ്പെടുന്ന ഇന്ത്യൻ ടീമിന്റെ പതിവ് രീതി ഇത്തവണ അണ്ടർ 19 തലത്തിലും ആവർത്തിച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.