

അഹമ്മദാബാദ്: വന്യജീവി ആക്രമണം രൂക്ഷമായ അംറേലി ജില്ലയിൽ നിന്നാണ് വീണ്ടും സങ്കടകരമായ വാർത്ത പുറത്തുവരുന്നത്. സാഹിൽ കട്ടാര എന്ന അഞ്ചു വയസ്സുകാരനാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അമ്മയോടൊപ്പം വഴിയിലൂടെ നടന്നുപോവുകയായിരുന്നു സാഹിൽ. ഈ സമയത്ത് പൊന്തക്കാട്ടിൽ പതിയിരുന്ന പുലി പെട്ടെന്ന് കുട്ടിയെ ചാടിവീണ് പിടികൂടുകയും അടുത്തുള്ള വനപ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ACF) പ്രതാപ് ചന്തു അറിയിച്ചു.കുട്ടിയെ ആക്രമിച്ച പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് മേഖലയിൽ തിരച്ചിൽ ശക്തമാക്കി. പുലിയെ കുടുക്കാൻ വിവിധ ഇടങ്ങളിൽ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിൽ പുലിയിറങ്ങുന്നത് പതിവായതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. പുലിയെ പിടികൂടി ഉൾവനത്തിലേക്ക് മാറ്റുന്നത് വരെ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.