

ന്യൂഡൽഹി: അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മിൽ രൂക്ഷമായ വാക്പോര് (Modi-Kharge). കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് മോദി ആരോപിച്ചപ്പോൾ, സ്വന്തം പരാജയങ്ങൾ മറയ്ക്കാനാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതെന്ന് ഖാർഗെ തിരിച്ചടിച്ചു.
അസമിലെ നംരൂപിൽ 10,601 കോടി രൂപയുടെ വളം പ്ലാന്റ് ഉദ്ഘാടനം ചെയ്തശേഷം നടന്ന പൊതു റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ അസമിലെ വനങ്ങളും ഭൂമിയും കയ്യേറി സ്ഥിരതാമസമാക്കാൻ കോൺഗ്രസ് സഹായം നൽകുകയാണെന്നും ഇത് അസമീസ് ജനതയുടെ സ്വത്വത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും മോദി പറഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടുകളിൽ കോൺഗ്രസ് വരുത്തിയ ഇത്തരം തെറ്റുകൾ തിരുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും, വോട്ടർ പട്ടിക പരിഷ്കരണത്തെ കോൺഗ്രസ് എതിർക്കുന്നത് അധികാരം പിടിച്ചെടുക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശക്തമായി തിരിച്ചടിച്ചു. കേന്ദ്രത്തിലും അസമിലും ബിജെപി ഭരിക്കുമ്പോഴും കുടിയേറ്റം തടയാൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണെന്നും അത് മറയ്ക്കാനാണ് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെടുമ്പോഴെല്ലാം ഉത്തരവാദിത്തം മറ്റുള്ളവരുടെ മേൽ ചാരുന്നതാണ് മോദിയുടെ രീതിയെന്ന് വിമർശിച്ച ഖാർഗെ, ജനങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട 'ഇരട്ട എഞ്ചിൻ' സർക്കാർ എന്തിനാണ് പ്രതിപക്ഷത്തെ പഴിക്കുന്നതെന്ന് ചോദിച്ചു. രാജ്യം നശിപ്പിക്കാനോ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനോ കോൺഗ്രസ് ശ്രമിച്ചിട്ടില്ലെന്നും ജനശ്രദ്ധ തിരിക്കാൻ ബിജെപി നാടകങ്ങൾ കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Prime Minister Narendra Modi and Congress President Mallikarjun Kharge engaged in a heated exchange over the issue of illegal immigration in Assam. During a rally in Dibrugarh after inaugurating a ₹10,601 crore fertilizer plant, PM Modi accused the Congress of engaging in "anti-national activities" by protecting illegal Bangladeshi migrants for vote-bank politics. In response, Kharge dismissed the allegations as an excuse to cover up the "double-engine" government's failure to secure borders, questioning why the opposition is blamed when the BJP is in power at both the Center and the state.