

ലഖ്‌നൗ: ഉത്തർപ്രദേശിലെ (Uttar Pradesh) ബദായൂനിൽ പെൺകുട്ടിയെ ശല്യം ചെയ്ത ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത പോലീസിന്റെ നടപടി വിവാദമാകുന്നു. മക്കൾക്ക് നല്ല മൂല്യങ്ങളും സംസ്കാരവും പകർന്നുനൽകാത്തതിനും അവരെ ശരിയായി വളർത്താത്തതിനും മാതാപിതാക്കൾക്ക് കൂടി ഉത്തരവാദിത്തമുണ്ടെന്ന് കാണിച്ചാണ് പോലീസ് ഈ അസാധാരണ നടപടി സ്വീകരിച്ചത്.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ നാല് ആൺകുട്ടികൾ നിരന്തരം അശ്ലീല കമന്റുകൾ പറഞ്ഞും മറ്റും ശല്യപ്പെടുത്തിയിരുന്നു. പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഭാരതീയ ന്യായസംഹിത (BNS), പോക്സോ നിയമപ്രകാരം കേസെടുത്തു. എന്നാൽ കുറ്റം ചെയ്ത നാല് ആൺകുട്ടികളും 13 വയസ്സിൽ താഴെ പ്രായമുള്ളവരാണെന്ന് കണ്ടെത്തിയതോടെ അവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരുടെ അമ്മമാരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
"നല്ല സംസ്കാരം നൽകാത്ത മാതാപിതാക്കളെ പാഠം പഠിപ്പിക്കാനാണ്" ഈ നടപടിയെന്ന് പോലീസ് സ്റ്റേഷൻ ഇൻചാർജ് അജയ് പാൽ സിംഗ് പറഞ്ഞു. ആൺകുട്ടികളുടെ പിതാക്കന്മാർ സംസ്ഥാനത്തിന് പുറത്തായതിനാലാണ് അവരെ പിടികൂടാത്തതെന്നും നാട്ടിലെത്തുമ്പോൾ അവരെയും അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. കുട്ടികൾ ചെയ്യുന്ന കുറ്റത്തിന് അമ്മമാരെ ജയിലിലടയ്ക്കുന്ന പോലീസിന്റെ നടപടിക്കെതിരെ നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. നിയമപരമായി ഇതിന് നിലനിൽപ്പില്ലെന്നാണ് ഇവരുടെ വാദം. അറസ്റ്റ് ചെയ്ത നാല് അമ്മമാരെയും പിന്നീട് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ബോണ്ടിൻമേൽ ജാമ്യത്തിൽ വിട്ടയച്ചു.
In a controversial move, the Uttar Pradesh police in Budaun arrested the mothers of four minor boys for failing to impart "good values" after the boys were accused of harassing an 8th-grade girl. Since the boys are under 13, the police targeted the parents, claiming they are responsible for their children's behavior.