

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധങ്ങൾക്കിടയിലാണ് ദശകങ്ങൾ പഴക്കമുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റി കേന്ദ്ര സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിൽ ഈ ബില്ല് നിർണ്ണായക പങ്ക് വഹിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നിലവിലെ 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്തി.ജോലി പൂർത്തിയാക്കി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. സമയപരിധി പാലിച്ചില്ലെങ്കിൽ തൊഴിലില്ലായ്മ വേതനത്തിന് (Unemployment Allowance) അർഹതയുണ്ടാകും.ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന മാർഗ്ഗങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാലായി തിരിച്ചായിരിക്കും ജോലികൾ നിശ്ചയിക്കുക.
സുതാര്യത ഉറപ്പാക്കാൻ ബയോമെട്രിക്സ്, ജിയോ ടാഗിംഗ് സംവിധാനങ്ങൾ നിർബന്ധമാക്കി.
2005-ൽ യുപിഎ സർക്കാരാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ആവിഷ്കരിച്ചത്. പുതിയ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. പദ്ധതിയുടെ പേരിൽ നിന്ന് 'മഹാത്മാഗാന്ധി'യെ ഒഴിവാക്കിയതിനെതിരെ വ്യാപകമായ രാഷ്ട്രീയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
പുതിയ നിയമം നിലവിൽ വരുന്നതോടെ ഗ്രാമീണ മേഖലയിലെ തൊഴിൽ വിതരണത്തിലും ഭരണപരമായ നടപടികളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.