ബെംഗളൂരു: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ വഴി വ്യത്യസ്തമായ രീതിയിൽ ഭക്ഷണം ഓർഡർ ചെയ്ത് സോഷ്യൽ മീഡിയയെ ചിരിപ്പിച്ചിരിക്കുകയാണ് ഒരു ബെംഗളൂരു സ്വദേശി (Rice Bowl Without Rice). ‘കാലിഫോർണിയ ബുറിറ്റോ’ എന്ന റെസ്റ്റോറന്റിൽ നിന്ന് ‘പെരി പെരി പൊട്ടറ്റോ റൈസ് ബൗൾ’ ഓർഡർ ചെയ്ത സഹ്ലെ ഖാൻ എന്ന യുവാവിനാണ് ചോറിന് പകരം ഉരുളക്കിഴങ്ങ് മാത്രമായി ലഭിച്ചത്. വിഭവത്തിലെ പ്രധാന ചേരുവയായ ചോറ് ഉൾപ്പെടെയുള്ള മറ്റ് മിക്ക സാധനങ്ങളും ഒഴിവാക്കിക്കൊണ്ട് യുവാവ് വരുത്തിയ കസ്റ്റമൈസേഷനാണ് ഈ രസകരമായ സംഭവത്തിന് കാരണമായത്.
റൈസ് ബൗളിൽ നിന്ന് ‘നോ റൈസ്’ (ചോറ് വേണ്ട) എന്ന് തിരഞ്ഞെടുത്തതിന് പുറമെ ബീൻസ്, ഉള്ളി, കാപ്സിക്കം, കോൺ സാൽസ, ക്രീം എന്നിവയുൾപ്പെടെയുള്ള ബാക്കി എല്ലാ ചേരുവകളും യുവാവ് ഓർഡറിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിഭവത്തിലെ മറ്റെല്ലാം ഒഴിവാക്കിയിട്ടും നികുതി ഉൾപ്പെടെ 262 രൂപ ഈ ഓർഡറിനായി ഈടാക്കി. ഒടുവിൽ കപ്പിൽ ചോറിന് പകരം പെരി പെരി പൊട്ടറ്റോ കഷ്ണങ്ങൾ മാത്രമാണ് യുവാവിന് ലഭിച്ചത്. ഈ ബില്ലിന്റെയും ഭക്ഷണത്തിന്റെയും ചിത്രം യുവാവ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.
ഈ കസ്റ്റമൈസേഷൻ പൂർണ്ണമായി അംഗീകരിച്ച് ഭക്ഷണം തയ്യാറാക്കി നൽകിയ റെസ്റ്റോറന്റ് ഷെഫിന് യുവാവ് നന്ദി പറയുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രസകരമായ കമന്റുകളുമായി രംഗത്തെത്തി. ഇതേ റെസ്റ്റോറന്റിന്റെ മെനുവിൽ വെറും 59 രൂപയ്ക്ക് ലഭിക്കുന്ന ‘പോപ്കോൺ പൊട്ടറ്റോ’ ഓർഡർ ചെയ്യുന്നതിന് പകരം എന്തിനാണ് ഇത്രയും പണം കളഞ്ഞ് റൈസ് ബൗൾ കസ്റ്റമൈസ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്. ഇത് യഥാർത്ഥ ‘പീക്ക് ബെംഗളൂരു’ (Peak Bengaluru) നിമിഷമാണെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചു.
Summary: A Bengaluru man named Zahle Khan went viral on social media after ordering a “Peri Peri Potato Rice Bowl” from California Burrito via Zomato with extreme customizations. He customized the order to exclude nearly all key ingredients, including the rice, beans, onions, capsicum, and various salsas. Despite the meal costing Rs 262, the restaurant delivered a bowl filled only with peri peri potato chunks, sparking hilarious reactions online with netizens calling it a “peak Bengaluru” moment.

