Times Kerala

 വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റെയ്മണ്ട് ഗ്രൂപ്പ്

 
 വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് റെയ്മണ്ട് ഗ്രൂപ്പ്
മുംബൈ : വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നിര്‍മ്മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ വ്യവസായിയും റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയ . മുംബൈയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ റെയ്മണ്ട് ഗ്രൂപ്പ് മുന്നോട്ട്  വന്നതിനു പിന്നാലെയാണ് ഗൗതം ഹരി സിംഘാനിയയുടെ പ്രസ്താവന. മുംബൈയിലാണ് തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.  മഹാരാഷ്ട്രയിലെയും പശ്ചിമ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും ദശലക്ഷക്കണക്കിന് ബാലാജി ഭക്തര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് നവി മുംബൈയില്‍ ആദ്യത്തെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം നിര്‍മ്മിക്കുന്നത്. 

ടിടിഡിയുടെ അഭ്യര്‍ത്ഥന മാനിച്ച് ജൂണ്‍ അവസാനത്തോടെ പുതിയ ക്ഷേത്രത്തിന് തറക്കല്ലിടും. തിരുമലയിലെ ടിടിഡി ഹൈസ്‌കൂള്‍ പരിപോഷിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തതായും അത് തനിക്ക് ഏറെ സംതൃപ്തി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു . ഭാവിയില്‍ മറ്റ് ടിടിഡി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്വീകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്ന് സിംഘാനിയ പറഞ്ഞു. 

ബാലാജി മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ അടുത്തിടെ ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന 10 ഏക്കര്‍ ഭൂമി ടിടിഡിക്ക് വിട്ട് നല്‍കിയിരുന്നു. മുംബൈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ക്ഷേത്രം 70 കോടി രൂപ ചെലവഴിക്കുമെന്ന് ടിടിഡി ഇഒ എവി ധര്‍മ്മ റെഡ്ഡി വ്യക്തമാക്കിയിരുന്നു.
 

Related Topics

Share this story